ബിഡിജെഎസിനെ ഒതുക്കാന്‍ പി.സി തോമസിനെയിറക്കി ബിജെപി; മുന്നണി പിളര്‍ത്താനനുവദിക്കില്ലെന്ന് പി.സി തോമസ്

വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎയില്‍ ബിഡിജെഎസ് ഉയര്‍ത്തിയ കലാപക്കൊടിയെ  പി.സി തോമസിനെ മുന്‍നിര്‍ത്തി നേരിടാന്‍ ബിജെപി നീക്കം.
ബിഡിജെഎസിനെ ഒതുക്കാന്‍ പി.സി തോമസിനെയിറക്കി ബിജെപി; മുന്നണി പിളര്‍ത്താനനുവദിക്കില്ലെന്ന് പി.സി തോമസ്

കൊച്ചി: വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് എന്‍ഡിഎയില്‍ ബിഡിജെഎസ് ഉയര്‍ത്തിയ കലാപക്കൊടിയെ  പി.സി തോമസിനെ മുന്‍നിര്‍ത്തി നേരിടാന്‍ ബിജെപി നീക്കം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം പി.സി തോമസിനെ ചുമതലപ്പെടുത്തി. ഇടഞ്ഞു നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുമായും പി.സി തോമസ് സംസാരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി.സി തോമസ് സമകാലിക മലയാളത്തോട് പറഞ്ഞു. 

ബിജെപി ഇതര എന്‍ഡിഎ ഘടകകക്ഷികളുടെ യോഗം വിളിക്കാന്‍ മുന്നണി കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ പി.സി തോമസുമയി ബെംഗളൂരുവില്‍ ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്തി. 

മുന്നണിക്കകത്ത് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അവിടെ പറഞ്ഞു തീര്‍ക്കണമെന്നും പരസ്യമായി പറയുന്നത് ശരിയല്ലെന്നും പി.സി തോമസ് പറഞ്ഞു. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സാധിക്കുന്നതാണ്. മുന്നണി വിടില്ലെന്ന് ബിഡിജെഎസും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ അടുത്ത എന്‍ഡിഎ ചേര്‍ന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എന്‍ഡിഎ ദേശീയ സമിതി അംഗം കൂടിയായ പി.സി തോമസ് പറഞ്ഞു. 

മുന്നണിക്കകത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്നണി യോഗമാണ് വിളിക്കേണ്ടത്. ചില ഘടകകക്ഷികള്‍ മാത്രം യോഗം ചേരുന്നതിന്റെ ആവശ്യകതയില്ല. ബിഡിജെഎസ് യോഗം വിളിക്കുമെങ്കില്‍ അതില്‍ പങ്കെടുക്കില്ലെന്നും മറ്റ് ഘടകകക്ഷികളേയും ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 

ബിജെപി ഉള്‍പ്പെടെ ആറ് പാര്‍ട്ടികളാണ് എന്‍ഡിഎയിലുള്ളത്. ഇതില്‍ ബിഡിജെഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നത് രാജന്‍ ബാബുവിന്റെ ജെഎസ്എസും സി.കെ ജാനുവിന്റെ ജെആര്‍എസുമാണ്. ബിജെപിയോടുള്ള എതിര്‍പ്പ് പലപ്പോഴായി പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ളയാളാണ് സി.കെ ജാനു. നാഷ്ണലിസ്റ്റ് കേരള കോണ്‍ഗ്രസും പിഎസ്പിയും ബിജെപിയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. ലോക് ജനശക്തി പാര്‍ട്ടി അടുത്ത ദിവസം ആലുവയില്‍ യോഗം ചേര്‍ന്ന് ആര്‍ക്കൊപ്പം നില്‍ക്കണം എന്ന് തീരുമാനിക്കാനിക്കാനിരിക്കുകയാണ്. പ്രധാനമായുംസി.കെ ജാനുവിനെയും രാജന്‍ ബാബുവിനെയും ബിജെപി പക്ഷത്തില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ് പി.സി തോമസിന്റെ കര്‍ത്തവ്യം. 

കലപാക്കൊടി ഉയര്‍ത്തിയപ്പോഴൊക്കെയും സ്ഥാനമാനങ്ങള്‍ ഉടന്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കി ബിജെപി ബിഡിജെഎസിനെ അനുനയിപ്പിച്ചു നിര്‍ത്തുകയായിരുന്നു. എന്നാല്‍ ചങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ബിഡിജെഎസ് കടുത്ത സമ്മര്‍ദ്ദവുമായി രംഗത്ത് വരികയായിരുന്നു. ചെങ്ങന്നൂരില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്‍ഡിഎ അറിഞ്ഞല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ട് കുറയുമെന്നും തങ്ങള്‍ ഒന്ന് വിരല്‍ ഞൊടിക്കുന്നതിനായി എല്‍ഡിഎഫും യുഡിഎഫും കാത്തു നില്‍ക്കുകയാണെന്നും തുഷാര്‍ പറഞ്ഞിരുന്നു. സ്ഥിതി അതീവ ഗുരുതരമാകുന്നുവെന്ന് കണ്ടപ്പോഴാണ് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് പി.സി തോമസിനെ മുന്‍നിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശിച്ചത്. 

എന്നാല്‍ എന്‍ഡിഎ കൂടി തീരുമാനിച്ചാണ് സ്ഥാനാര്‍ത്ഥിയായി പി.എസ് ശ്രീധരന്‍ പിള്ളയെ പ്രഖ്യാപിച്ചതെന്നാണ് പി.സി തോമസ് പറയുന്നത്. യോഗത്തില്‍ തങ്ങള്‍ സീറ്റിന് വേണ്ടി ശക്തിയുക്തം വാദിച്ചിരുന്നുവെന്നും ബിജെപി തങ്ങള്‍ തന്നെ മത്സരിക്കുമെന്ന് കടുപ്പിച്ച് പറയുകയായിരുന്നുവെന്നും തോമസ് പറയുന്നു. ശ്രീധരന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന വിവരം എസ്എംഎസ് വഴിയാണ് ബിജെപി തങ്ങളെ അറിയിച്ചതെന്നും പി.സി തോമസ് പറയുന്നു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തി തങ്ങള്‍ക്ക് ലഭിക്കാനുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ബിഡിജെഎസ്. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങളും രാജ്യസഭ സീറ്റുമുള്‍പ്പെടെയുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കൊണ്ട് ബിജെപി പുതിയ പാര്‍ട്ടി രൂപികരിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ബിഡിജെഎസിന് കഴിയാതെ വന്നതോടെ ബിജെപി ഇവരെ തഴയുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിനോട് നേരിട്ട് ചര്‍ച്ച നടത്തിയാണ് ബിഡിജെഎസ് മുന്നണിയിലെത്തിയത്. ഇത് കേരളത്തിലെ ബിജെപി നേതാക്കളില്‍ ശത്രുതയുണ്ടാക്കി. ബിഡിജെഎസിന് ലഭിക്കുമായിരുന്ന സ്ഥാനമാനങ്ങള്‍ വൈകുന്നതിന് പ്രധാന കാരണം ബിജെപിയിലെ കേരള നേതാക്കളാണ് എന്നാണ് തുഷാറും കൂട്ടരും ആരോപിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭ സീറ്റ്  വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവസാന നിമിഷം അത് ബിജെപി നേതാവ് വി.മുരളീധരന്റെ കൈകളിലെത്തുകയായിരുന്നു. ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിലുള്ള മുന്നണിയെ ഒരുമിച്ചു നിര്‍ത്താന്‍ പി. സി തോമസിനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com