വീപ്പയിലെ അസ്ഥികൂടം : പ്രതിയുടെ മരണവും കൊലപാതകമെന്ന് സംശയം ; മകളും സംശയനിഴലില്‍

ശാസ്ത്രീയമായി പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചതിനെ തുടര്‍ന്ന്, വിലപ്പെട്ട തെളിവുകള്‍ നഷ്ടപ്പെട്ട നിലയിലാണ്
വീപ്പയിലെ അസ്ഥികൂടം : പ്രതിയുടെ മരണവും കൊലപാതകമെന്ന് സംശയം ; മകളും സംശയനിഴലില്‍

കൊച്ചി : വീപ്പയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടെ കൊലയാളിയെന്ന് പൊലീസ് കരുതുന്ന തൃപ്പൂണിത്തുറ സ്വദേശി സജിത്തിന്റെ മരണവും കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. വീട്ടില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ സജിത്തിന്റേത് ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമനയം സജിത്തിന്റെ മൃതദേഹത്തില്‍ നിന്ന് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയതായുള്ള പൊലീസിന്റെ വെളിപ്പെടുത്തലാണ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. സജിത്ത് ആത്മഹത്യ ചെയ്യില്ലെന്നാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സൂചിപ്പിക്കുന്നത്. 

ശാസ്ത്രീയമായി പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചതിനെ തുടര്‍ന്ന്, മരണകാരണം സംബന്ധിച്ച വിലപ്പെട്ട തെളിവുകള്‍ അന്വേഷണസംഘത്തിനു നഷ്ടപ്പെട്ട നിലയിലാണ്. മരണകാരണം വ്യക്തമല്ലാത്ത സാഹചര്യങ്ങളില്‍ മൃതദേഹം പൊലീസ് സര്‍ജന്‍തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണു ചട്ടം. എന്നാല്‍ 32 വയസ്സുകാരനായ സജിത്ത് അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചിട്ടും ആന്തരികാവയവങ്ങള്‍പോലും ശേഖരിക്കാതെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു. പോക്കറ്റില്‍ കണ്ട പൊട്ടാസ്യം സയനൈഡ് പൊടിയും തെളിവെടുപ്പിന്റെ ഘട്ടത്തില്‍ ശാസ്ത്രീയമായി ശേഖരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 

അന്വേഷണത്തിന്റെ ഭാഗമായി സജിത്തിന്റെ അവസാനദിനങ്ങളിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശകുന്തളയെ കൊലപ്പെടുത്തി കായലില്‍ തള്ളിയ അതേ രീതിയില്‍ നെട്ടൂര്‍ ഷാപ്പുപടിയില്‍ കാണപ്പെട്ട അജ്ഞാത യുവാവിനെ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്തതും പൊലീസിന് തിരിച്ചടിയാണ്. ശകുന്തളയെ കെട്ടിയതുപോലെയാണ് യുവാവിന്റെ മൃതദേഹവും കാണപ്പെട്ടത്. പൊലീസിന്റെ ജാഗ്രത കുറവുമൂലം ശകുന്തള, അജ്ഞാത യുവാവ്, സജിത്ത് എന്നിവരുടെ ദുരൂഹമരണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്ന തെളിവുകള്‍ നശിച്ചതായും ആരോപണമുണ്ട്. 

വിവാഹം കഴിഞ്ഞ് ആറു വര്‍ഷമായിട്ടും സജിത്തിന് കുഞ്ഞുണ്ടായിരുന്നില്ല, ഏറെ നാളത്തെ കാത്തിരിപ്പിനും ചികില്‍സയ്ക്കും ശേഷം ഭാര്യ എട്ടു മാസം ഗര്‍ഭിണിയായിരുന്ന സന്ദര്‍ഭത്തിലാണ് സജിത്തിന്റെ മരണം. ഇതാണ് ആത്മഹത്യാവാദത്തെ തള്ളുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, പൊലീസിന്റെ ഇന്‍ഫോമര്‍ ആയിരുന്ന സജിത്തിന് പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിനാല്‍ കേസില്‍ നിന്നും രക്ഷനേടാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ സാഹചര്യമുണ്ടായിരുന്നെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

ശകുന്തളയുടെ മകളും പൊലീസിന്റെ സംശയ നിഴലിലാണ്. കൊലപാതകത്തില്‍ മകള്‍ക്കും നേരിട്ട് പങ്കോ, അറിവോ ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കഴിഞ്ഞദിവസം അശ്വതിയെ രാത്രി വൈകും വരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇവരെ നുണപരിശോധനയ്ക്ക് വിധേയനാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നുണപരിശോധനയ്ക്കുള്ള സമ്മതപത്രം അശ്വതിയുടെ പക്കലില്‍ നിന്നും പൊലീസ് എഴുതി വാങ്ങിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com