ഷെറിന് ആറു വര്‍ഷത്തിനിടെ ലഭിച്ചത് 444 ദിവസത്തെ പരോള്‍, ശിക്ഷാ ഇളവിനുളള പട്ടികയും കാരണവര്‍ വധക്കേസ് പ്രതി 

ഷെറിന് ആറു വര്‍ഷത്തിനിടെ ലഭിച്ചത് 444 ദിവസത്തെ പരോള്‍, ശിക്ഷാ ഇളവിനുളള പട്ടികയും കാരണവര്‍ വധക്കേസ് പ്രതി 
ഷെറിന് ആറു വര്‍ഷത്തിനിടെ ലഭിച്ചത് 444 ദിവസത്തെ പരോള്‍, ശിക്ഷാ ഇളവിനുളള പട്ടികയും കാരണവര്‍ വധക്കേസ് പ്രതി 

തിരുവനന്തപുരം: സംസ്ഥാനത്തു ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ കൂടുതല്‍ പരോള്‍ ലഭിച്ചത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു  444 ദിവസത്തെ പരോള്‍ ലഭിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ആറു വര്‍ഷത്തിനിടെ 345 ദിവസത്തെ സാധാരണ പരോളാണ് ഷെറിനു  ലഭിച്ചത്. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയിലാണ് ഇത്. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ഹൈക്കോടതിയില്‍നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോളും ഷെറിനു കിട്ടി. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ പട്ടികയിലും ഷെറിന്‍ ഇടം നേടിയിരുന്നു.

2010 ജൂണ്‍ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ഷെറിനു ശിക്ഷ വധിച്ചത്. ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ച ഇവരെ പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വിവാദമായിരുന്നു.

ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. കഴിഞ്ഞ ഫെബ്രുവരി 19ന് ഏഴു വര്‍ഷവും എട്ടു മാസവും ഒന്‍പതു ദിവസവും തടവു ശിക്ഷ പൂര്‍ത്തിയാക്കി. 

2009 നവംബര്‍ ഏഴിനാണു െചങ്ങന്നൂരിലെ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com