പകല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം; രാത്രി സ്ത്രീ വിരുദ്ധരായ അധ്യാപകര്‍ക്ക് വേണ്ടി പ്രചാരണം; ഫാറൂഖ് കോളജില്‍ എംഎസ്എഫിന് ഇരട്ടത്താപ്പ്

ഇത്രയും വലിയ വിഷയം നടന്നിട്ടും എംഎസ്എഫിന്റെ യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ മിന ജലീല്‍ ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ പേടിച്ച് ക്യാമ്പസിന് പുറത്തിറങ്ങിയിട്ടില്ല 
പകല്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം; രാത്രി സ്ത്രീ വിരുദ്ധരായ അധ്യാപകര്‍ക്ക് വേണ്ടി പ്രചാരണം; ഫാറൂഖ് കോളജില്‍ എംഎസ്എഫിന് ഇരട്ടത്താപ്പ്

കോഴിക്കോട്: പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ച ഫാറൂഖ്  ടീച്ചര്‍ ട്രെയിനിങ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം കത്തുന്നു. ഇയ്യാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധ്യാപകന്‍ മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് എസ്എഫ്‌ഐ  ആരംഭിച്ച സമരത്തിന്റെ പ്രതിഷേധ മാര്‍ച്ചില്‍ പരീക്ഷയായിരുന്നിട്ടുപോലും പങ്കെടുത്തത് നൂറ്റമ്പതോളം വരുന്ന പെണ്‍കുട്ടികളാണ്. കെഎസ്‌യുവും എംഎസ്എഫും സമര രംഗത്തുണ്ട്. എന്നാല്‍ എംഎസ്എഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എംഎസ്എഫിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. 

അധ്യാപകനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയ എംഎസ്എഫ്, ഒരുവശത്ത് വിദ്യാര്‍ത്ഥി പക്ഷ നിലപാട് സ്വീകരിക്കുന്നുവെന്ന് അഭിനയിക്കുകയും  മറുവശത്ത് അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിച്ചുവരുന്നത്. മാത്രവുമല്ല സമരം ചെയ്യുന്ന എസ്എഫ്‌ഐക്ക് എതിരെ കുപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. 

അധ്യാപകനെ വെള്ളപൂശുന്ന തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഫെയ്‌സ്്ബുക്ക് വഴിയും എംഎസ്എഫ് പ്രവര്‍ത്തകര്‍ ക്യാമ്പയിനുകള്‍ നടത്തുന്നുണ്ട്. സമരം ചെയ്യുന്ന, എതിര്‍ത്തു സംസാരിക്കുന്ന വിദ്യാര്‍ത്ഥികളെയെല്ലാം ഫാറൂഖ് കോളജിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്നവരാക്കി മുദ്രകുത്തുകയാണ് എംഎസ്എഫ് ചെയ്യുന്നത്. എസ്എഫ്‌ഐ വര്‍ഗീയവാദികളെ പിന്തുണക്കുന്നുവെന്നും എംഎസ്എഫ് പറഞ്ഞു പരത്തുന്നതായി ആരോപണമുണ്ട്. 

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടിലാക്കി കോളജിലെ നിരന്തരം വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന അധ്യാപകരെയും മാനേജ്‌മെന്റിനെയും സംരക്ഷിക്കുന്ന നിലപാടാണ് കാലങ്ങളായി ഫാറൂഖ് കോളജില്‍ എംഎസ്എഫ് സ്വീകരിച്ചു വരുന്നതെന്ന് വിദ്യാര്‍ത്ഥിയായ ദിനു സമകാലിക മലയാളത്തോട് പറഞ്ഞു. 

രണ്ടുവര്‍ഷം മുമ്പ് നടന്ന സദാചാര വിരുദ്ധ സമരത്തില്‍ ഇരകളായ കുട്ടികള്‍ക്കെതിരെ സമരം നടത്തിയ സംഘടനയാണ് എംഎസ്എഫ്. തങ്ങള്‍ ഫാറൂഖ് കോളജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അന്ന് എംഎസ്എഫ് മാനേജ്‌മെന്റിന് വേണ്ടി ആ സമരം നടത്തിയതെന്ന് ദിനു പറയുന്നു. തുടര്‍ന്ന് നടന്ന എല്ലാ സംഭവങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും എംഎസ്എഫ് മാനേജ്‌മെന്റിന് വേണ്ടി സംസാരിച്ചിരുന്നു. 

ജവഹര്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്ത്രീവിരുദ്ധ നിലപാടുള്ള ഒരു വലിയ വിഭാഗം അധ്യാപകര്‍ ഫാറൂഖ് കോളജിലുണ്ടെന്നും ഇവര്‍ക്കെതിരെ സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളെ എംഎസ്എഫ് അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ എതിര്‍ത്തുപോയാല്‍ കോളജ് നശിപ്പിക്കാന്‍ വന്നവരാണ് എന്നാക്ഷേപിച്ച് എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രംഗത്തെത്തും. ഒരേസമയം അധ്യാപകരുടെ സദാചാര ആക്രമണത്തേയും എംഎസ്എഫിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെയും പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ക്യാമ്പസിലെ പുരോമഗന മനസ്സുള്ള വിദ്യാര്‍ത്ഥികളെന്ന് എസ്എഫ്‌ഐ പറയുന്നു. 

ഇത്രയും വലിയ വിഷയം നടന്നിട്ടും എംഎസ്എഫിന്റെ യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ മിന ജലീല്‍ ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ പേടിച്ച് ക്യാമ്പസിന് പുറത്തിറങ്ങിയിട്ടില്ലെന്നും എസ്എഫ്‌ഐ ജില്ലാ കമിറ്റി അംഗം സാദിഖ് പറയുന്നു. ഒരേസമയം യാഥാസ്ഥിതിക നിലപാടുള്ള പ്രവര്‍ത്തകരേയും സ്വതന്ത്ര ചിന്തയുള്ളവരേയും എംഎസ്എഫിന് തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ടവര്‍ പകല്‍ വിദ്യാര്‍ത്ഥിപക്ഷ മുഖംമൂടി എടുത്തണിയും രാത്രി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തും, സാദിഖ് പറയുന്നു. അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്നുള്ള കോളജ് അധികൃതരുടെ ഉറപ്പില്‍ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്എഫ്‌ഐ പറയുന്നു. 


പെണ്‍കുട്ടുികളെ അധിക്ഷേപിച്ച് സംസാരിച്ച അധ്യാപകന് എതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ വത്തക്കാ മാര്‍ച്ച്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com