സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത് സബ് കളക്ടര്‍; ഭൂമി കൊടുത്തത് ശബരിനാഥിന്റെ കുടുംബ സുഹൃത്തിന്‌

ഒഴിപ്പിക്കന്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സബ് കളക്ടര്‍ക്ക്‌ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന നിര്‍ദേശമുണ്ട്
സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത് സബ് കളക്ടര്‍; ഭൂമി കൊടുത്തത് ശബരിനാഥിന്റെ കുടുംബ സുഹൃത്തിന്‌

തിരുവനന്തപുരം: കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി വിവാദത്തിലേക്ക്. റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് സബ് കളക്ടര്‍ ഉത്തരവിറക്കിയത്. 

ചട്ട ലംഘനം നടത്തിയാണ് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥ് എംഎല്‍എയുടെ കുടുംബ സുഹൃത്തിന് ദിവ്യ പതിച്ചു നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്. 2017 ജൂലൈ 19നായിരുന്നു സ്വകാര്യ വ്യക്തി അന്യായമായി കൈവശം വെച്ചിരുന്ന 27 സെന്റ് പുറമ്പോക്ക് ഭൂമി
വര്‍ക്കല തഹസില്‍ദാറുടെ നേതത്വത്തില്‍ ഒഴിപ്പിച്ചത്. 

സ്വകാര്യ വ്യക്തി കയ്യേറിയിരുന്ന ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു. വീണ്ടെടുക്കുന്ന ഈ ഭൂമിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കണം എന്ന നിര്‍ദേശം ഉയരുകയും ചെയ്തിരുന്നു. 

ഒഴിപ്പിക്കന്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സബ് കളക്ടര്‍ക്ക്‌ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന നിര്‍ദേശമുണ്ട്. ഇതിന്റെ മറവിലാണ് ഭൂമി സ്വകാര്യ വ്യക്തിക്ക് തന്നെ വിട്ടുകൊടുക്കാനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടതെന്നാണ് ആരോപണം. ഭൂമി ഏറ്റെടുത്ത റവന്യു ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെയാണ് സബ് കളക്ടറുടെ നടപടി എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

ഭൂമി സ്വകാര്യ വ്യക്തിക്ക്  പതിച്ചു നല്‍കിയ സബ് കളക്ടറുടെ നടപടിക്കെതിരെ ഇളകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയം വി.ജോയ് എംഎല്‍എ റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ പാലിച്ച് മാത്രമാണ് ഭൂമി പതിച്ചു നല്‍കിയതെന്നാണ് ദിവ്യ എസ് അയ്യരുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com