അടുത്ത കണ്ട യുവതിയുടെ ചുവന്ന ഷാള്‍ പിടിച്ചുവാങ്ങി വീശി, ട്രാക്കില്‍ ദുരന്തം ഒഴിവായി

അടുത്ത കണ്ട യുവതിയുടെ ചുവന്ന ഷാള്‍ പിടിച്ചുവാങ്ങി വീശി, ട്രാക്കില്‍ ദുരന്തം ഒഴിവായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്: തൊട്ടടുത്തു കണ്ട യുവതിയുടെ ചുവന്ന ഷാള്‍ പിടിച്ചുവാങ്ങി വീശിയ പ്രമോദിന്റെ നടപടി ഒഴിവാക്കിയത് വലിയൊരു ദുരന്തമാണ്. റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ വിള്ളല്‍, ഓടിയെത്തിയ ട്രെയിനിലെ ലോക്കോ പൈലറ്റിനെ അറിയിക്കാനാണ് പ്രമോദ് കഥകളിലേതു പോലെ ഒരു ശ്രമം നടത്തിയത്. അതു വിജയിച്ചു.

രാവിലെ ജോലിക്ക് പോവുകയായിരുന്ന മാണിക്കോത്തെ കുഞ്ഞിരാമനാണ് കോട്ടിക്കുളം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളങ്ങള്‍ കൂട്ടിയോജിപ്പിച്ച സ്ഥലത്ത് പൊട്ടിയകന്നത് കണ്ടത്. ഉടന്‍ സമീപവാസികളായ കൊളവയലിലെ പ്രമോദ്, റസാഖ് എന്നിവരെ വിവരമറിയിച്ചു. ഇവര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലേക്ക് വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌റ്റേഷനിലെ ഫോണ്‍ എടുത്തില്ല. ഈ സമയം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ട ഹാപ്പ എക്‌സ്പ്രസ് ഇതുവഴി എത്തിയിരുന്നു. 

അപകടവിവരം അറിയിക്കാന്‍ മറ്റു സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ വയലില്‍ പച്ചക്കറിക്ക് വെള്ളം നനക്കുകയായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന ഷാള്‍ പ്രമോദ് റെയില്‍വേ ട്രാക്കില്‍ കയറിനിന്ന് വീശി അപകട വിവരം അറിയിക്കുകയായിരുന്നു. ഷാള്‍ വീശുന്നതും പാളത്തിനരികില്‍ ആള്‍ക്കൂട്ടം കണ്ടതിനാലും ലോക്കോപൈലറ്റ് വണ്ടിയുടെ വേഗം കുറച്ചു. പാളം വേര്‍പെട്ട സ്ഥലത്തുനിന്ന് നാലു കോച്ചുകള്‍ കടന്നുപോയാണ് വണ്ടി നിന്നത്. നാട്ടുകാരുടെ ഇടപെടല്‍മൂലം വണ്ടിയുടെ വേഗം കുറയ്ക്കാന്‍ കഴിഞ്ഞതാണ് ദുരന്തം ഒഴിവാക്കിയത്.

ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പിഡബ്ല്യൂഡി എന്‍ജിനിയറിങ് വിഭാഗമെത്തി പാളത്തിലെ വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ചശേഷമാണ് വണ്ടി പുറപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com