പുതിയ ബാറുകള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം? ബാറിനായി അപേക്ഷ നല്‍കിയവര്‍ക്ക് രഹസ്യമായി വിവരം കൈമാറി സര്‍ക്കാര്‍

പുതിയ ബാറിനായി അന്‍പതോളം അപേക്ഷകള്‍ എക്‌സൈസ് വകുപ്പിന് മുന്നിലുണ്ടെങ്കിലും ഇതില്‍ ഉടന്‍ നടപടി വേണ്ടെന്നാണ് വകുപ്പു തലത്തില്‍ എടുത്തിരിക്കുന്ന തീരുമാനം
പുതിയ ബാറുകള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം? ബാറിനായി അപേക്ഷ നല്‍കിയവര്‍ക്ക് രഹസ്യമായി വിവരം കൈമാറി സര്‍ക്കാര്‍

കോഴിക്കോട്: പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ കഴിയുന്നത് വരെ സര്‍ക്കാര്‍ നീട്ടി വയ്ക്കുമെന്ന സൂചന. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബാറുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. 

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ബാറിനുള്ള അനുമതി നല്‍കാമെന്ന കാര്യം, പുതിയ ബാറിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ സര്‍ക്കാര്‍ രഹസ്യമായി  അറിയിച്ചു. പുതിയ ബാറിനായി അന്‍പതോളം അപേക്ഷകള്‍ എക്‌സൈസ് വകുപ്പിന് മുന്നിലുണ്ടെങ്കിലും ഇതില്‍ ഉടന്‍ നടപടി വേണ്ടെന്നാണ് വകുപ്പു തലത്തില്‍ എടുത്തിരിക്കുന്ന തീരുമാനം. 

പൂട്ടിയ ബാറുകള്‍ തുറക്കുക മാത്രമാണ് ചെയ്യുന്നതെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കുമ്പോഴും കോഴിക്കോട്ട് തന്നെ അരഡസനോളം ബാറുകള്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.
സംസ്ഥാനത്താകെ നാല്‍പതോളം ബാറുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന. പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ ഉറപ്പു ലഭിച്ചതിന്റെ ബലത്തിലാണ് ലക്ഷങ്ങള്‍ മുടക്കി ബാറുടമകള്‍ ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ വാങ്ങിയത്. 

ബാര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ചായിരുന്നു 2016 ജൂലൈ ഒന്നിന് ഇടത് സര്‍ക്കാരിന്റെ അബ്കാരി നയം നിലവില്‍ വന്നത്. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്നും മദ്യശാലകള്‍ക്ക് വേണ്ട ദൂരപരിധി 200 മീറ്റര്‍ എന്നത് 50 മീറ്റര്‍ എന്നതിലേക്ക 2016ലെ നയത്തിലൂടെ കുറച്ചിരുന്നു. പുതിയ ലൈസന്‍സ് അനുവദിക്കില്ലെന്ന വ്യക്തമാക്കാതെയാണ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാവുന്ന സര്‍ക്കാരിന്റെ പുതിയ അബ്കാരി നയം വരുന്നത്. ഇതോടെ പുതിയ ബാറിനായുള്ള അപേക്ഷയില്‍ നടപടി ഇല്ലാതെ വന്നാല്‍ കോടതിയില്‍ നിന്നും അനുകൂല വിധി നേടാന്‍ പുതിയ ബാറിനായി ശ്രമിക്കുന്നവര്‍ക്ക് സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com