കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രം തയാറെങ്കില്‍ സഹകരിക്കും: കോടിയേരി

കീഴാറ്റൂര്‍ സമരത്തിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്
കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്രം തയാറെങ്കില്‍ സഹകരിക്കും: കോടിയേരി

കണ്ണൂര്‍: കീഴാറ്റൂരില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയപാതാ അതോറിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു.

പിണറായി വിജയനല്ല, ദേശീയ പാതാ അതോറിറ്റിയാണ് കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കുന്നത്. ഇതിന് അലൈന്‍മെന്റ് തീരുമാനിച്ചത് അതോറിറ്റിയാണ്. സ്ഥലം ഏറ്റെടുത്തു നല്‍കുക എന്ന ചുമതല മാത്രമാണ് സംസ്ഥാനത്തിനുള്ളത്. അവിടെ മേല്‍പ്പാലം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെങ്കില്‍ സംസ്ഥാനം സഹകരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.

കീഴാറ്റൂര്‍ സമരത്തിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഭൂമി വിട്ടു നല്‍കാന്‍ തയാറായവരെപ്പോലും പിന്തിരിപ്പിക്കുകയാണ്. സമരത്തിന്റെ പേരില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ ജനങ്ങള്‍ അതിനെ പ്രതിരോധിക്കും. എല്ലായിടവും നന്ദിഗ്രാം ആക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആര്‍എസ്എസും എസ്ഡിപിഐയും മാവോയിസ്റ്റുകളുമെല്ലാം ചേര്‍ന്ന രാഷ്ട്രീയ സംവിധാനം കേരളത്തില്‍ രൂപപ്പെടുകയാണെന്നും അവര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 

റോഡ് വികസനം നടന്നില്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ല എന്ന പ്രചാരണമാണ് ആര്‍എസ്എസ് നടത്തുക. അങ്ങനെയാണ് അവര്‍ ത്രിപുരയില്‍ വോട്ടുപിടിച്ചതെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com