ഇടതുപക്ഷത്തെ അസാധു വോട്ടിന്റെ ഉടമയാര് ? സംശയ നിഴലില്‍ ഘടകകക്ഷി എംഎല്‍എമാര്‍

എല്‍ഡിഎഫ് കക്ഷികളില്‍ സിപിഎം മാത്രമാണ് പോളിംഗ് ഏജന്റിനെ നിയോഗിച്ചത്
എംപി വീരേന്ദ്രകുമാറും ബാബു പ്രസാദും
എംപി വീരേന്ദ്രകുമാറും ബാബു പ്രസാദും

തിരുവനന്തപുരം : കേരളത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഒരു വോട്ട് അസാധുവായിരുന്നു. ഇത് ആരാണെന്ന ആകാംക്ഷ തല്‍ക്കാലം തുടരും. ഇടതുപക്ഷത്തെ സിപിഎം ഒഴികെയുള്ള മുഴുവന്‍ ഘടകകക്ഷി എംഎല്‍എമാരും സംശയത്തിന്റെ നിഴലിലാണ്. 

എല്‍ഡിഎഫ് കക്ഷികളില്‍ സിപിഎം മാത്രമാണ് പോളിംഗ് ഏജന്റിനെ നിയോഗിച്ചത്. മറ്റു കക്ഷികളായ സിപിഐ, ജനതാദള്‍ എസ്, എന്‍സിപി എന്നിവ പോളിംഗ് ഏജന്റുമാരെ നിയോഗിച്ചിരുന്നില്ല. വോട്ടുചെയ്യുന്നവര്‍ തങ്ങളുടെ പാര്‍ട്ടി നിയോഗിച്ച പോളിംഗ് ഏജന്റുമാരെ കാണിച്ചശേഷമേ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാന്‍ പാടുള്ളൂ എന്നാണ് ചട്ടം. 

പാര്‍ട്ടിക്കല്ലാതെ, മുന്നണിയ്ക്ക് ഒരു ഏജന്റിനെ നിയോഗിക്കാന്‍ അനുവാദമില്ല. സ്വന്തം പാര്‍ട്ടി നിയോഗിക്കുന്ന ഏജന്റുമാരെ അല്ലാതെ മറ്റാരെയും എംഎല്‍എമാര്‍ക്ക് വോട്ട് രേഖപ്പെടുത്തിയത് കാണിക്കാനും പാടില്ല. മറ്റൊരു പാര്‍ട്ടിയുടെ ഏജന്റിനെ വോട്ട് രേഖപ്പെടുത്തിയത് കാട്ടിയാല്‍ ആ വോട്ട് അസാധുവാകും. 

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ അക്കത്തില്‍ ഒന്ന് രേഖപ്പെടുത്തിയായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അസാധുവായ ബാലറ്റില്‍ ഒന്നിനു പകരം ചിത്രം വരച്ചതു പോലെയായിരുന്നു. മഷിയും പടര്‍ന്നിരുന്നു. 

വോട്ട് അസാധുവാക്കിയത് ആരെന്ന് കണ്ടുപിടിക്കാന്‍ കഴിയുമെങ്കിലും അതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ ആവില്ലെന്നാണ് നിയമസഭാ സെക്രട്ടറി അറിയിച്ചത്. ബാലറ്റ് പേപ്പറുകള്‍ മുദ്രവെച്ച കവറില്‍ ആക്കികഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ അത് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ബാലറ്റ് പേപ്പറിലെ കൗണ്ടര്‍ പോയില്‍ ഒത്തുനോക്കിയാല്‍ അസാധുവിനെ നിഷ്പ്രയാസം കണ്ടെത്താമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. എന്തായാലും രാജ്യസഭാ തെരഞ്ഞെടുപ്പിലെ അസാധു തല്‍ക്കാലം അജ്ഞാതനായി തന്നെ തുടരും. എല്‍ഡിഎഫിലെ എംപി വീരേന്ദ്രകുമാറും കോണ്‍ഗ്രസിലെ ബാബു പ്രസാദും തമ്മിലായിരുന്നു മല്‍സരം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com