തൃശൂരില്‍ ഉള്ളവര്‍ നിഷാമിന്റെ പണം വാങ്ങുന്നവര്‍; വെളുപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

നിഷാമില്‍നിന്നു വീതം പറ്റാത്തവര്‍ തൃശൂരില്‍ ചുരുക്കമാണ്. താന്‍ വാങ്ങിയിരുന്നെങ്കില്‍ നോട്ട് നിരോധനം വന്നപ്പോള്‍ കത്തിച്ചു കളയേണ്ടി വന്നേനെ
തൃശൂരില്‍ ഉള്ളവര്‍ നിഷാമിന്റെ പണം വാങ്ങുന്നവര്‍; വെളുപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിഷാമിന് സൗകര്യമൊരുക്കികൊടുത്തവര്‍ക്ക് നടപടിയെടുക്കാതെ അതേപ്പറ്റി അന്വേഷിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജേക്കബ് ജോബ്. ജോലിയിലിരിക്കെ തന്റേടത്തോടെയും നെറിയോടെയും ചെയ്ത കാര്യം നിഷാമിന്റെ അറസ്റ്റാണ്. അതിനു തിക്താനുഭവം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ജേക്കബ് ജോബ് പറഞ്ഞു.

അന്വേഷണത്തില്‍ ഞാന്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ച മേലുദ്യോഗസ്ഥനെയാണ് ഒരു സര്‍വകലാശാല പിന്നീട് ഡീബാര്‍ ചെയ്തത്. നിഷാമിനെതിരെ ബംഗളൂരുവിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചെങ്കിലും നടപ്പായില്ല. നിഷാമിനെതിരെ നേരത്തെ പരാതികള്‍ ഉണ്ടായിട്ടും അയാള്‍ക്കെതിരെ ആരും നടപടിയെടുത്തില്ല. നിഷാമില്‍നിന്നു വീതം പറ്റാത്തവര്‍ തൃശൂരില്‍ ചുരുക്കമാണ്. താന്‍ വാങ്ങിയിരുന്നെങ്കില്‍ നോട്ട് നിരോധനം വന്നപ്പോള്‍ കത്തിച്ചു കളയേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

നിഷാമിനെതിരെ കാപ്പ ചുമത്താന്‍ മെമ്മോ നല്‍കിയത് ഇ മെയില്‍ വഴിയാണ്. അങ്ങനെയൊരു മെമ്മോ ഇല്ലെന്ന് ഐജി പറഞ്ഞെങ്കിലും ഉണ്ടെന്നു പിന്നീടു തെളിഞ്ഞു. നിഷാം വിദേശത്തേക്കു കടക്കുമെന്നു വിവരം കിട്ടിയപ്പോഴാണ് രാത്രി തന്നെ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഭീഷണികളും ചതിയും തുടങ്ങി. നിഷാമിന്റെ പേരില്‍ കാപ്പ നിയമം ചുമത്താന്‍ തീരുമാനിച്ചപ്പോള്‍ എനിക്കു സസ്‌പെന്‍ഷനും കിട്ടി.നിഷാമുമായി ഒരു അവിഹിത ബന്ധവും എനിക്കില്ല. അയാളെ ആദ്യം കാണുന്നത് അറസ്റ്റ് ചെയ്തപ്പോഴാണ്. പിന്നെ രണ്ടു തവണ കണ്ടു. നിഷാമിനു ജാമ്യം കിട്ടുമെന്ന സ്ഥിതിയുണ്ടായിരുന്നു. കാപ്പ ചുമത്തിയതുകൊണ്ടാണ് ജാമ്യം നിഷേധിച്ചത്.

കേസില്‍ അപാകത വരുത്തിയവരെപ്പറ്റി അന്വേഷിക്കാതെ ഞാന്‍ തനിച്ചു നിഷാമിനെ ചോദ്യം ചെയ്തതാണ് വലിയ പ്രശ്‌നമാക്കിയത്. ചോദ്യം ചെയ്തത് രഹസ്യ കേന്ദ്രത്തിലല്ല, എന്റെ ഓഫിസിലാണ്. ഇത്തരം കേസുകളില്‍ ജില്ലാ പൊലീസ് മേധാവി ചോദ്യം ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. ഈ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  വിരമിച്ച ശേഷം അനുഭവങ്ങള്‍ വിവരിച്ച് പുസ്തകം എഴുതും. ഈ മാസം 31നാണ് ജേക്കബ് ജോബ് വിരമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com