മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല: ജി സുധാകരന്‍

ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല: ജി സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി കാണുന്നുണ്ട്. ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി സുധാകരന്‍.

വളാഞ്ചേരി കുറ്റിപ്പുറം മേഖലയില്‍  ദേശീയപാതാവികസനം സംബന്ധിച്ച് എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നമുള്ളത്. ആരാധനാലയങ്ങളും മറ്റും ഒഴിവാക്കിയുള്ള പാതാ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലയ്ന്‍മെന്റില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികുളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. എങ്കിലും ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അരോപണത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി.

ദേശീയപാത 66ല്‍ വളാഞ്ചേരി കുറ്റിപ്പുറം മേഖലയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന ജനകീയ പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി. അലയ്ന്‍മെന്റിലെ അപാകത പരിഹരിക്കണം, കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ ആശങ്കകള്‍ അകറ്റണം, ജനവികാരം കണക്കിലെടുത്ത് മുന്നോട്ടുപോകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com