സംസ്ഥാനത്തെ 9 ജില്ലകള്‍ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക
സംസ്ഥാനത്തെ 9 ജില്ലകള്‍ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെതാണ് തീരുമാനം.

മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂഗര്‍ഭജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ കാര്യങ്ങള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുക.ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മീഷണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ഈ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നിലവില്‍ വരള്‍ച്ചാ സാഹചര്യമില്ല.

എന്നാല്‍ മലയോരമേഖലകളിലെ പ്രധാന ജലസ്രോതസ്സുകളായ നീര്‍ച്ചാലുകള്‍ വേനല്‍ കടുക്കുമ്പോള്‍ വറ്റുകയും ശുദ്ധജലം കണ്ടെത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്യും. ഇത് പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

വരള്‍ച്ചാബാധിത ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു . ഇവിടങ്ങളില്‍ ടാങ്കറുകള്‍ ഉപയോഗിച്ച് വാട്ടര്‍ കിയോസ്‌ക്കുകളില്‍ വെള്ളം എത്തിക്കും. കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും പണം ഉപയോഗിക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com