ഐഎന്‍എല്‍ പിളര്‍ന്നു; സുലൈമാന്‍ സേട്ട് സ്മാരകത്തിന്റെ പേരില്‍ നേതാക്കള്‍ കോടികള്‍ മുക്കിയെന്ന് ആരോപണം

ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്( ഐഎന്‍എല്‍) പിളര്‍ന്നു. പുതിയ പാര്‍ട്ടിയായ ഐഎന്‍എല്‍ (ഡെമോക്രാറ്റ്)ന്റെ പ്രഖ്യാപനം ഏപ്രില്‍ 23ന് കോഴിക്കോട് നടക്കും
ഐഎന്‍എല്‍ പിളര്‍ന്നു; സുലൈമാന്‍ സേട്ട് സ്മാരകത്തിന്റെ പേരില്‍ നേതാക്കള്‍ കോടികള്‍ മുക്കിയെന്ന് ആരോപണം

കോഴിക്കോട്: ഇന്ത്യന്‍ നാഷ്ണല്‍ ലീഗ്( ഐഎന്‍എല്‍) പിളര്‍ന്നു. പുതിയ പാര്‍ട്ടിയായ ഐഎന്‍എല്‍ (ഡെമോക്രാറ്റ്)ന്റെ പ്രഖ്യാപനം ഏപ്രില്‍ 23ന് കോഴിക്കോട് നടക്കും. ഐഎന്‍എല്‍ നേതൃത്വത്തിന് എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിമര്‍തര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടി സ്ഥാപകനായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പേരില്‍ സാംസ്‌കാരിക സൗധം നിര്‍മ്മിക്കാനായി പണപിരിവ് നടത്തി കോടികള്‍ പിരിച്ചെടുത്തു മുക്കിയതായാണ് ആരോപണം. 

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെകൊണ്ട് കോഴിക്കോട് വച്ച് പ്രതീകാത്മകമായ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിപ്പിച്ച് നാലു വര്‍ഷം പൂര്‍ത്തിയായിട്ടും സാംസ്‌കാരിക സൗധത്തിനാവശ്യമായ സ്ഥലം പോലുമെടുക്കാതെ നേതാക്കള്‍ വഞ്ചന കാണിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

ഐഎന്‍എല്‍ സംസ്ഥാന നേതൃത്വത്തിനെതിരേ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് ഏഴ് മാസം മുമ്പ് പാര്‍ട്ടി സ്ഥാപക നേതാവും സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി.കെ അലവിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സേട്ട് സാഹിബ് സാംസ്‌കാരിക വേദിയാണ് പുതിയ പാര്‍ട്ടിയാവുന്നത്. 

ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നിഴലിനെ പോലും ഭയക്കുന്നവരാണ് ഇന്നത്തെ നേതാക്കളെന്നാണ് വിമത വിഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍. ഇത്തരം ദുര്‍നടപ്പുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദിച്ചതിന്റെ പേരില്‍ ഐഎന്‍എല്ലിന്റെ സീനിയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും 86 വയസ്സുകാരനുമായ വി.കെ അലവി ഹാജിയെ തൃശ്ശൂരില്‍ വെച്ച് കയ്യേറ്റം ചെയ്യുകയും അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്‌തെന്നും ഇവര്‍ ആരോപിക്കുന്നു. 

പുതിയ പാര്‍ട്ടി രൂപീകൃതമാകുന്നതോടുകൂടി പല ദളിത് സംഘടനകളും പ്രാദേശിക പാര്‍ട്ടികളും പല പ്രമുഖ വ്യക്തിത്വങ്ങളും ഐഎന്‍എല്‍ (ഡെമോക്രാറ്റിക്)നോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. നിലവില്‍ എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എലിന് രണ്ട് എംഎല്‍എമാരാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com