മിഴിയില്‍ നിന്നും മിഴിയിലേക്ക്...; തട്ടത്തുമല സ്‌കൂളില്‍ തലമുറകളുടെ സംഗമം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 29th March 2018 08:10 PM |
Last Updated: 29th March 2018 10:01 PM | A+A A- |

തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നൊരു പുളിമരമുണ്ട്. വേരുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആ പുളിമരച്ചുവട്ടില്‍ ശനിയാഴ്ച വലിയൊരു ആള്‍ക്കൂട്ടമുണ്ടാകും. പഠിച്ചിറങ്ങിപ്പോയ തമലുറകളവിടെ വീണ്ടും ഒന്നിക്കുകയാണ്... കടന്നുപോയ മഴക്കാലങ്ങളുടെ, വേനലുകളുടെ,നടന്നുതീര്‍ത്ത വഴികളുടെ ഇനിയും തീരാത്ത ജീവിത സമരങ്ങളുടെ കഥ പറയാന്‍...
പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള എല്ലാ ക്ലാസുകളും സമ്പൂര്‍ണ ഹൈടെക്കാക്കിയ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ വിദ്യാലയം തട്ടത്തുമല ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ പോകുകയാണ്. സ്‌കൂളില്‍ പഠിച്ചിറങ്ങിയ എല്ലാ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് തലമുറകളുടെ സംഗമം നടത്താനൊരുങ്ങുകയാണിവിടെ. ഈ വരുന്ന 31 ശനിയാഴ്ചയാണ് മിഴിയരങ്ങ് എന്ന് പേരിട്ടിരിക്കുന്ന തലമുറകളുടെ സംഗമം നടത്താന്‍ പോകുന്നത്.
തലമുറകളുടെ സംഗമത്തിന് ഒരുങ്ങി നില്‍ക്കുന്ന തട്ടത്തുമല സ്‌കൂള്‍
സ്‌കൂളിനെ ചരിത്രമായി എഴുതിത്തീര്‍ത്ത സമ്പൂര്‍ണ ഹൈടെക്ക് പദ്ധതിക്ക് നല്‍കിയ മിഴിയെന്ന പേരില്‍ നിന്നാണ് മിഴിയരങ്ങ് എന്ന പേരിലേക്ക് സംഘാടകര്‍ എത്തപ്പെട്ടത്. സ്‌കൂളിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് തലമുറകളുടെ സംഗമം നടത്തുന്നത്.
സ്‌കൂള്‍ ആരംഭിച്ച് 65വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തലമുറകളുടെ സംഗമം നടക്കുന്നത് എന്നതും പ്രത്യേകതയാണ്. 1953ല്‍ എല്‍പി സ്‌കൂളായി ആരംഭിച്ച വിദ്യാലയം 1974ല്‍ ഹൈസ്‌കൂളായി. 2004ല്‍ ഹയര്‍സെക്കന്ററിയായും 2018ല്‍ സമ്പൂര്‍ണ ഹൈടെക്കാകുകയും ചെയ്തു.
തലമുറകളുടെ സംഗമം കുറേപേരുടെ ഗൃഹാതുരത കൊണ്ട് ചെയ്യുന്ന പരിപാടിയല്ലെന്ന് പിടിഎ പറയുന്നു. സ്‌കൂളിന് വേണ്ടി സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക, കുട്ടികളുടെ കലാ,കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെന്ന് പിടിഎ പറയുന്നു. തലമുറകളുടെ സംഗമത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഒരുനാട് മുഴുവന്‍ ആവേശത്തിലാണ്.