ദിലീപിനെതിരായ തെളിവുകള്‍ നല്‍കാമെന്ന് റിമാന്‍ഡ് പ്രതി; കോടതിയെ നേരിട്ട് ബോധിപ്പിക്കാനും സന്നദ്ധത

കുറ്റകൃത്യം നടത്തുന്നതിന് മുന്‍പ് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാമെന്ന് ഒരു ബന്ധു മുഖേനയാണ് റിമാന്‍ഡ് പ്രതി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്
ദിലീപിനെതിരായ തെളിവുകള്‍ നല്‍കാമെന്ന് റിമാന്‍ഡ് പ്രതി; കോടതിയെ നേരിട്ട് ബോധിപ്പിക്കാനും സന്നദ്ധത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കാമെന്ന് പ്രതി. റിമാന്‍ഡ് പ്രതികളില്‍ ഒരാളാണ് തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറാമെന്ന് അറിയിച്ചിരിക്കുന്നത്. 

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍, കുറ്റകൃത്യം നടത്തുന്നതിന് മുന്‍പ് നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാമെന്ന് ഒരു ബന്ധു മുഖേനയാണ് റിമാന്‍ഡ് പ്രതി അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറുന്നതിന് പുറമെ, കോടതിയില്‍ വിവരങ്ങള്‍ നേരിട്ട് പറയാനുള്ള സന്നദ്ധതയും ഈ പ്രതി അറിയിച്ചിട്ടുണ്ട്. 

തെളിവുകള്‍ നല്‍കാമെന്ന് വ്യക്തമാക്കി അടുത്ത ബന്ധുവഴി പ്രതി അന്വേഷണ സംഘത്തെ കാര്യം അറിയിച്ചിട്ട ഒരു മാസം പിന്നിട്ടു. എന്നാല്‍ ഇതിന്മേല്‍ നടപടി സ്വീകരിക്കുന്നതിന് നിയമോപദേശം തേടുകയാണ് പൊലീസ്. കുറ്റപത്രത്തില്‍ പ്രതിപട്ടികയില്‍ ഉള്ളയാളെ മാപ്പുസാക്ഷിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശമാണ് പൊലീസ് തേടുന്നത്. 

ജാമ്യാപേക്ഷ കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരിക്കാനുള്ള തന്ത്രമാണ് തെളിവുകള്‍ കൈമാറുക എന്നതെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിന് റിമാന്‍ഡ് പ്രതി കൈമാറിയ രഹസ്യ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഇതിനെ ഗൗരവത്തോടെ കാണാന്‍ പൊലീസ് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com