മധുവിന്റെ കൊലപാതകം; പട്ടിണിയുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍, കുടുംബത്തിന് ജീവിക്കാന്‍ മാര്‍ഗമുണ്ട്

കൊലപാതകത്തിന് മത, രാഷ്ട്രീയ ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു
മധുവിന്റെ കൊലപാതകം; പട്ടിണിയുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍, കുടുംബത്തിന് ജീവിക്കാന്‍ മാര്‍ഗമുണ്ട്

കൊച്ചി: അട്ടപ്പാടിയില്‍ മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പട്ടിണിയുമായോ, ദാരിദ്ര്യവുമായോ ബന്ധമില്ലെന്ന് സര്‍ക്കാര്‍. ന്യായമായ വരുമാനവും ജീവിക്കാന്‍ മാര്‍ഗവുമുള്ള കുടുംബത്തില്‍ നിന്നായ മധു വരുന്നത് എന്നും, കൊലപാതകത്തിന് മത, രാഷ്ട്രീയ ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

സമൂഹത്തിന്റെ അസഹിഷ്ണുതയുടേയും, നിസംഗതയുടേയും ഇരയാണ് മധു. മധു സ്വന്തം നിലയ്ക്കാണ് ജീവിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കുടുംബം മധുവിനെ ഉപേക്ഷിച്ച നിലയിലായിരുന്നു. മധുവിന്റെ അമ്മ മല്ലിയുടെ കുടുംബം സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. കുടുംബാംഗങ്ങള്‍ ജോലിക്കാരുമാണ്. മധുവിന്റെ അമ്മയും സഹോദരിയും അങ്കണവാടി ജീവനക്കാരാണ്. ഒരു സഹോദരിയുടെ ഭര്‍ത്താവ് കൃഷിക്കാരനും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് താലൂക്ക്  ഓഫീസ് ജീവനക്കാരനുമാണ്.

പ്രതിമാസം 30 കിലോ അരി റേഷന്‍ ഇവരുടെ കുടുംബത്തിന് ലഭിക്കുന്നുണ്ട്. പട്ടിക വര്‍ഗ വികസന വകുപ്പ് മധുവിന് ചികിത്സ നല്‍കിയിരുന്നു. 2012 മുതല്‍ 2014 വരെ വിഷാദ രോഗത്തിന് മധു ചികിത്സയിലായിരുന്നു. പിന്നീട് ചികിത്സ ഇട്ടെറിഞ്ഞ് മധു പോവുകയായിരുന്നുവെന്നും സര്‍ക്കര്‍ കോടതിയെ അറിയിച്ചു.

മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തൃശൂര്‍ റേഞ്ച് ഐജിയുടെ  നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. 16 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി.പുകഴേന്തി സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. 

മധുവിന്റെ കൊലപാതകത്തിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പട്ടിക ജാതി അതിക്രമ കേസുകള്‍ വേഗത്തില്‍ പരിഗണിക്കാനും, തീര്‍ക്കുവാനും എല്ലാ ജില്ലാ കോടതികളിലും പ്രത്യേക ബെഞ്ച് രൂപീകരിച്ചുവെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ആദിവാസി സ്ത്രീകളെ ശാക്തീകരിക്കാന്‍ ഊരുകൂട്ടം പോലുള്ള സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കടുത്ത ഭക്ഷ്യ ദാരിദ്ര്യവും, പോഷകാഹാര കുറവുമുള്ള ഇടങ്ങളില്‍ സമൂഹ അടുക്കള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. സര്‍ക്കാര്‍ നടപടികളുടെ ഫലമായി  2013ല്‍ ശിശുമരണം 31 ആയിരുന്നത് 2017ല്‍ 14 മാത്രമായി ചുരുങ്ങിയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com