"അത് സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്" ; ചെങ്ങന്നൂരുകാര്‍ മദ്യപരാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി രാജു

സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതാണ് ഇത്. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഉള്‍പ്പെടെ തെറ്റിദ്ധരിച്ചു 
"അത് സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്" ; ചെങ്ങന്നൂരുകാര്‍ മദ്യപരാണെന്ന പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് പി രാജു

കൊച്ചി : ചെങ്ങന്നൂരുകാര്‍ മദ്യപരാണെന്ന പ്രസ്താവനയില്‍ സിപിഐ നേതാവ് പി രാജു ഖേദം പ്രകടിപ്പിച്ചു. സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ വാക്കുകളാണ് അത്. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഉള്‍പ്പെടെ അത് തെറ്റിദ്ധരിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി സിപിഐ സംസ്ഥാന സമിതിയംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജു വ്യക്തമാക്കി. 

ചെങ്ങന്നൂരില്‍ ഭൂരിപക്ഷം പേരും മദ്യപിക്കുന്നവരാണെന്ന് താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് പി.രാജു ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചിരുന്നു. ചെങ്ങന്നൂരില്‍ ഭൂരിപക്ഷം പേരും മദ്യപിക്കുന്നവര്‍ ആണ് എന്ന് ഞാന്‍ എവിടേയാണ് പറഞ്ഞത്. പാതുവേ കേരളീയ സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവര്‍ കൂടിയിട്ടുണ്ട് എന്ന സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ മദ്യം ഉപയോഗിക്കുന്നവരേ നമുക്ക് ബോധവത്ക്കരണത്തിലൂടെയാണ് മാറ്റാന്‍ കഴിയു എന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത് എന്ന് രാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ചാരായത്തൊഴിലാളി പുനരധിവാസ യൂണിയന്‍ (എഐടിയുസി) ഏപ്രില്‍ നാലിന് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനെക്കുറിച്ചു വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമ്പോഴായിരുന്നു രാജുവിന്റെ പരാമര്‍ശം. ചെങ്ങന്നൂരില്‍ മദ്യം ഉപയോഗിക്കുന്നവര്‍ ഇഷ്ടം പോലെയുണ്ട്. മദ്യം ജീവിതത്തിന്റെ ഭാഗമായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദിവസം രണ്ടു പെഗ് കഴിക്കുന്നതില്‍ കുഴപ്പമില്ല. കള്ളു കുടിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കാനാകും. പണ്ടു കമ്യൂണിസ്റ്റുകാരില്‍ ഭൂരിപക്ഷവും കുടിക്കാത്തവരായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെ പറയാന്‍ പറ്റില്ല. അവരും സാമൂഹിക ജീവികളാണ്. കുടിക്കുന്നതുകൊണ്ടു തെറ്റുപറയാന്‍ പറ്റില്ല. കുടിക്കേണ്ടവര്‍ കുടിക്കണമെന്നും കുടിക്കാത്തവര്‍ കുടിക്കുകയേ വേണ്ടെന്നുമാണ് തന്റെ നിലപാടെന്നും പി രാജു അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com