ഓഖി: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, സഹായം പ്രഖ്യാപനം മാത്രമായെന്ന് ലത്തീന്‍ സഭ

146 പേരാണ് സംസ്ഥാനത്ത് ഓഖി ദൂരന്തത്തിന് ഇരയായത്. ഇവരില്‍ 49 കുടുംബങ്ങള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ സഹായം എത്തിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഓഖി ദുരന്ത സഹായത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കു സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ ഡോ. സൂസൈപാക്യം ആരോപിച്ചു.

146 പേരാണ് സംസ്ഥാനത്ത് ഓഖി ദൂരന്തത്തിന് ഇരയായത്. ഇവരില്‍ 49 കുടുംബങ്ങള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ സഹായം എത്തിച്ചത്. ജോലി, വീട്, ചികിത്സ തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇവയൊന്നും നടപ്പാക്കിയിട്ടില്ല. സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. 

ഇരകളെ സഹായിക്കുന്നതില്‍ കാലതാമസമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ പലവട്ടം ബന്ധപ്പെട്ടു. ഉടന്‍ ചെയ്യാം എന്നാണ് അവര്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് തമിഴ്‌നാട് സര്‍ക്കാരിന്റേതെന്ന് സൂസൈപാക്യം ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനാവില്ല. സമയബന്ധിതമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കണം എന്നാണ് സഭയ്ക്കു പറയാനുള്ളത്. ഈ ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്ന് ബിഷപ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com