'പൊതുമണ്ഡലത്തില്‍ ആ 'നാറിയ' വര്‍ത്തമാനം മാധവന്‍ ഇനി ദയവുചെയ്ത് പറയരുത്'

'പൊതുമണ്ഡലത്തില്‍ ആ 'നാറിയ' വര്‍ത്തമാനം മാധവന്‍ ഇനി ദയവുചെയ്ത് പറയരുത്'
'പൊതുമണ്ഡലത്തില്‍ ആ 'നാറിയ' വര്‍ത്തമാനം മാധവന്‍ ഇനി ദയവുചെയ്ത് പറയരുത്'


എസ് ജയചന്ദ്രന്‍ നായര്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ നടത്തിയ അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ പ്രമോദ് പുഴങ്കര. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയിലും ന്യൂനപക്ഷ വേട്ടയിലും പ്രതിഷേധിച്ചു പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുത്ത സാഹിത്യകാരന്മാരോടു സംഘപരിവാര്‍ പുറത്തെടുത്ത അതേ യുക്തിയിലാണ് എന്‍എസ് മാധവന്‍ പ്രതികരിക്കുന്നതെന്ന് പ്രമോദ് പുഴങ്കര ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പ്രമോദ് പുഴങ്കരയുടെ കുറിപ്പ്:

അങ്ങനെയിരിക്കുമ്പോള്‍, ഇങ്ങനെയിരുന്നാല്‍ പോര എന്നു തോന്നുമ്പോള്‍, ലോകം തന്നെക്കൂടാതെയും തിരിയുന്നല്ലോ എന്നു വരുമ്പോള്‍ പിന്നെന്തുചെയ്യണം. ആഹാ, അത്ര അഹമ്മതിയോ ലോകത്തിന്, എന്ന ഭാവത്തോടെ നമ്മള്‍ സാന്നിധ്യമറിയിക്കണം. അതിനു പലര്‍ക്കും പല വഴികളുമുണ്ട്. എന്‍ എസ് മാധവന്‍ തെരഞ്ഞെടുത്ത വഴി പ്രചുരപ്രചാരത്തിലുള്ളതും ചരിത്രത്തില്‍ അദ്ദേഹത്തിന് മുമ്പും സമാനഗുദസ്ഥര്‍ ചെയ്തിട്ടുള്ളതുമാണ്. ഭക്ഷണം കഴിക്കുന്ന പന്തിയിലിരുന്ന് ആഞ്ഞൊരു കീഴ്ശ്വാസം വിടുക. കസ്പസ് മഹാഘോരം, നിശബ്ദം പ്രാണസങ്കടം എന്ന അധോവായുപുരാണ പ്രകാരമുള്ള വൃത്തഭംഗിയില്‍ മാധവനത് ചെയ്തു. മാധവന്റെ ചെറ്റ വിളിയും മറ്റൊരു മാധവങ്കുട്ടിയുടെ എസ് അല്ല എം തന്നെ എന്ന വഷളന്‍ ഇളിയും കൊണ്ട്, ജനം ഊണുപേക്ഷിച്ചു നാനാവഴിക്കും പായുന്നു.

എം സുകുമാരന്റെ കഥയിലെ 'മുഷിഞ്ഞു നാറിയ ഗാന്ധിത്തൊപ്പി' എന്ന വാചകത്തില്‍ നിന്നും നാറിയ എന്ന വാക്ക് പത്രാധിപരായ എസ് ജയചന്ദ്രന്‍ നായര്‍ നീക്കം ചെയ്തു എന്ന സംഭ്രമജനകമായ വെളിപ്പെടുത്തലിനോടാണ് മാധവന്റെ ഈ ക്ഷോഭം. ആ വാക്ക് മാറ്റിയത് തനിക്കും തന്റെ കഥയ്ക്കും അതിന്റെ ആശയപ്രകാശനത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും അപരിഹാര്യമായ നഷ്ടമുണ്ടാക്കി എന്നൊന്നും സുകുമാരന്‍ എവിടേയും പറഞ്ഞിട്ടില്ല. അങ്ങനെ അനിവാര്യമായ ഒരു വാക്കൊന്നുമല്ല അതെന്ന് സുകുമാരനും തോന്നിയിരിക്കാം. കഥയില്‍ നിന്നും ഒരു വാക്ക് മാറ്റുന്നത് മഹാപാപമല്ല. അതിനുള്ള പ്രേരണ എന്താണെന്നത് പ്രസക്തമാണ്. അങ്ങനെ മാറ്റുന്നതില്‍ കഥാകാരന് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ മാറ്റാനും പാടില്ല. ഈ സംഭവത്തില്‍ ഇതൊന്നുമില്ല. പക്ഷേ മാധവനും മാധവന്‍ കുട്ടിക്കും അതൊന്നും പോര. മാര്‍വാഡി മുതലാളിയുടെ ശേവുകക്കാരനെ ഒന്നടിക്കാനുള്ള വഴി നോക്കിയിരിക്കുകയാണ് ടിയാന്‍മാര്‍.

ഈ രാജ്യത്തെ ഏറ്റവും 'നാറിയ' സിവില്‍ സര്‍വീസില്‍ അതിന്റെ ഏറ്റവും 'നാറിയ' ഭരണഭൂഭാഗങ്ങളില്‍ വിധേയനും തൊമ്മിയും 'റാനും' 'അടിയനുമായി' ജീവിതത്തിന്റെ 'നാറിയ' കാലം മുഴുവന്‍ കഴിഞ്ഞുകൂടിയ മാധവന്‍, മാര്‍വാഡിയുടെ ശേവുകകാരനെന്നൊക്കെ പറയുമ്പോള്‍ മാധവനല്ലാത്തവരൊക്കെ വായ കൊണ്ടും മാധവന്‍തന്നെയും അധോദ്വാരം കൊണ്ടും ചിരിക്കും.

മാധവന് പ്രീതിപ്പെടുത്താന്‍ മറ്റ് പലതുമുണ്ട്. അതെളുപ്പം പുറത്തുവന്നു എന്നു മാത്രം. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന, ഭാവനാദാരിദ്ര്യത്താലും കാവ്യശൈലിയിലെ ആവര്‍ത്തനവിരസതയാലും ശരാശരിക്ക് താഴെയുള്ള ഒരു വര്‍മാസാഹസം, ടി പി വധത്തിലേ പ്രഭാവര്‍മയുടെ നിലപാടില്‍ എതിര്‍പ്പ് പറഞ്ഞു ജയചന്ദ്രന്‍ നായര്‍ പ്രസിദ്ധീകരണം നിര്‍ത്തിയതിനെതിരെ മാധവന്‍ രോഷം കൊള്ളുന്നു. വര്‍മ്മ സി പി എം ആണെന്നറിഞ്ഞല്ലേ കവിത നല്കിയത് എന്നൊക്കെ മാധവന്‍ ചോദിക്കുന്നു. വര്‍മ്മ കവിയാണെന്ന് തെറ്റിദ്ധരിച്ചിട്ടാണ് ജയചന്ദ്രന്‍ നായര്‍ ആ കവിത നല്കിയത് എന്നാണ് ഞാന്‍ ധരിച്ചത്. എന്തായാലും കവിത നിര്‍ത്തിയത്, സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, പുരസ്‌കാരവുമായി നേരിട്ടു ബന്ധമില്ലാത്ത, ബി ജെ പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയിലും ന്യൂനപക്ഷ വേട്ടയിലും പ്രതിഷേധിച്ചു തിരിച്ചുകൊടുത്ത സാഹിത്യകാരന്മാരോടു സംഘപരിവാര്‍ ചോദിച്ചതും ഏതാണ്ട് ഈ മാധവയുക്തിയിലാണ്. ജയചന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യത്തിന്റെ പ്രകടനമായാണ് അത് ചെയ്തത്. അങ്ങനെയും വേണമല്ലോ ചിലതൊക്കെ. അത് മാധവന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.

വിശ്രമജീവിതം ആനന്ദകരമാക്കാന്‍ മാധവന്‍ കണ്ടെടുത്ത വഴി എഴുത്തല്ല എന്നതുകൊണ്ട് നീണ്ടുനില്‍ക്കുന്ന പീഡകളില്‍ നിന്നും നാം രക്ഷപ്പെട്ടു എന്നു കരുതരുത്. മലയാള സാഹിത്യത്തിലെ കഥാ സാഹിത്യത്തില്‍ മോശമല്ലാത്ത ചില ചെറുകഥകളും ഒരു പരീക്ഷണമെന്ന നിലയില്‍പ്പോലും ആഗോളസാഹിത്യത്തിലെ സമാനശൈലികളുടെ മലയാള അനുകരണമെന്ന ശ്രമത്തില്‍ ദുര്‍ബലവും ദരിദ്രഭാവനയാല്‍ സ്വയം നിലവിളിക്കുന്ന ഒരു നോവലും എന്ന ചെറിയൊരു പരാമര്‍ശമേ സാഹിത്യചരിത്രത്തില്‍ എന്‍ എസ് മാധവനുള്ളൂ. മാധവന്റെ പ്രതിഭ വെച്ച് അതൊക്കെ ധാരളമാണ് താനും. ഒന്നും എഴുതാന്‍ വന്നില്ലെങ്കില്‍ രാമായണം മണ്ഡോദരി രാവണന്‍ എന്നൊക്കെ പുതുകാലത്തിലേക്ക് പകര്‍ത്തിയെഴുതിയാലും ഹിഗ്വിറ്റയ്ക്ക് ശേഷം മാധവന്‍ എന്ന ഒരു തലക്കെട്ടിന്റെ ബലത്തില്‍ കഴിഞ്ഞൂകൂടാം എന്ന തരത്തിലാണ് പില്‍ക്കാല സാഹസങ്ങള്‍. അപ്പോള്‍ ഈ അധോദ്വാര വ്യായാമം മാധവനെ സംബന്ധിച്ച് അസ്തിത്വ സമരമാണ്.

മറ്റെ മാധവന്‍ കുട്ടിയെക്കുറിച്ച് നാം നിശബ്ദത പാലിക്കുകയായിരിക്കും നല്ലത്. പിണറായി വിജയന് വേണ്ടി മലയാള ഭാഷയിലെ സകല വാക്കുകളെയും ചവച്ചരച്ചു കടിച്ചുതുപ്പി ടെലിവിഷന്‍ വാര്‍ത്ത മുറികളില്‍ കൊന്നിട്ട ടിയാനാകട്ടെ, കൊടുങ്ങല്ലൂരിലെ വിമോചിത റിപ്പബ്ലിക്കിന്റെ കമ്മിസാര്‍ പദവിക്കും 'മാര്‍വാഡി' സേവയ്ക്കും ശേഷം നോക്കിയിരുന്ന സി പി എമ്മിന്റെ ഉപദേശിപ്പണി, മുഖ്യമന്ത്രിയുടെ ആപ്പീസിലെ സര്‍വാധികാരി നായര്‍, ദേശാഭിമാനിയുടെ മാര്‍ഡോക് എന്നീ പദവികളൊന്നും വിപ്ലവാനന്തരം ലഭ്യമാകാത്തതുകൊണ്ട് ഇടയ്ക്കുണ്ടാക്കുന്ന ഒരു ഞരക്കം മാത്രമാണിത്. ഉപ്പിട്ട് ഒരു നാരങ്ങാവെള്ളം കുടിച്ചാല്‍ അല്‍പ്പകാലത്തേക്ക് ശമനമുണ്ടാകും. 
അത്രയ്ക്കുള്ള പ്രാധാന്യമേ കൊടുക്കണ്ടതുള്ളൂ.

ഏണസ്റ്റ് ഹെമിങ്വേ എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. എന്‍ എസ് മാധവനോളമോ ശ്യാമമാധവനോളമോ വരില്ലെങ്കിലും അത്യാവശ്യം ചില പുസ്തകങ്ങള്‍ തരക്കേടില്ലാതെഴുതി. ലോകമെമ്പാടും ആളുകള്‍ വാങ്ങുകയും വായിക്കുകയും ചെയ്തു. മാധവനെപ്പോലെ മഹാപ്രതിഭകള്‍ എഴുതാന്‍ പോകുന്ന ഈ ഭൂമിയില്‍ ഇനി ഞാനെന്തിന് എന്ന അപകര്‍ഷതാവ്യഥയിലാകാം വെടിവെച്ചു ആത്മഹത്യ ചെയ്തു. മൂപ്പരുടെ എഡിറ്റര്‍ Maxwell Perkins ആണ് ഹെമിങ്വേയുടെ പുസ്തകങ്ങളെ അവസാന രൂപത്തിലാക്കിയിരുന്നത്. ഒന്നല്ല നൂറുകണക്കിനു വാക്കുകളാണ് മാറ്റിയതും തിരുത്തിയതുമൊക്കെ.വാക്കുകളൊക്കെ ചിലപ്പോള്‍ മാറ്റിയാല്‍ കൂടുതല്‍ മെച്ചമെന്ന് മനസിലാക്കാന്‍ പറഞ്ഞെന്ന് മാത്രം.

ഒരു എഡിറ്ററും എഴുത്തുകാരനും തമ്മിലുള്ള അതേ ബന്ധമല്ല ഒരു വാരികയുടെ പത്രാധിപരും എഴുത്തുകാരനും തമ്മില്‍. എന്നാല്‍ കഥയില്‍ ഒരു വാക്ക് മാറ്റിയാല്‍ മൊത്തം നാറ്റവും വായനക്കാരിലേക്കെത്തില്ലേ എന്ന മാധവ വിലാപമൊക്കെ ലോകസാഹിത്യത്തെ മാധവനെക്കാള്‍ ഇത്തിരി താഴെയുള്ള എന്തോ ഒന്ന് എന്ന് ധരിക്കുന്നവര്‍ക്ക് പാകമാകും. ഒരു പൊതുമണ്ഡലത്തില്‍ ആ 'നാറിയ' വര്‍ത്തമാനം മാധവന്‍ ഇനി ദയവുചെയ്ത് പറയരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com