ഇന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി ഇല്ല

ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല - പട്ടികയില്‍പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം
nokku-kooli
nokku-kooli

തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത്  നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട്  പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുപ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാം. 

കയറ്റിറക്ക് കൂലി അതത്  ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം. പട്ടികയില്‍പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. 

കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെ വാങ്ങി നല്‍കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദേശം ഉണ്ട്. നോക്കുകൂലി സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുകയും വ്യവസായ അനുകൂല അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്ന വിലയിരുത്തലും ഉത്തരവിന് പിന്നിലുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com