കണ്ടല്‍കാട്ടിലേക്ക് കൊണ്ടുവന്നത് ബോട്ടിങ്ങിനെന്ന് പറഞ്ഞ്; ലിഗയുടെ കൊലപാതകത്തില്‍ വഴിത്തിരിവായി നിര്‍ണായക മൊഴി

ലിഗയെ കൊണ്ടുവന്നത് ആരാണെന്ന് മനസിലാക്കിയത് ഇനിയുള്ള അന്വേഷണം എളുപ്പമാക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം
കണ്ടല്‍കാട്ടിലേക്ക് കൊണ്ടുവന്നത് ബോട്ടിങ്ങിനെന്ന് പറഞ്ഞ്; ലിഗയുടെ കൊലപാതകത്തില്‍ വഴിത്തിരിവായി നിര്‍ണായക മൊഴി

തിരുവനന്തപുരം; വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ തെളുവുകളുടെ അഭാവത്തില്‍ നട്ടം തിരിയുകയായിരുന്ന പൊലീസിന് കച്ചിത്തുരുമ്പായി നിര്‍ണായക മൊഴി. ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞാണ് ലിഗയെ കോവളത്തെ കണ്ടല്‍കാട്ടില്‍ എത്തിച്ചതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ മൊഴി നല്‍കി. ലിഗയെ കൊണ്ടുവന്നത് ആരാണെന്ന് മനസിലാക്കിയത് ഇനിയുള്ള അന്വേഷണം എളുപ്പമാക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷമാവും കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. 

അതിനിടെ കസ്റ്റഡിയിലെടുത്ത ചിലര്‍ക്കുവേണ്ടി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. തങ്ങളുടെ പ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചിലരെ പൊലീസിന് വിട്ടയയ്‌ക്കേണ്ടിവന്നു. 

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വിചാരിക്കുന്നവരെ ഒന്നിലേറെ ദിവസം കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുകയും അറസ്റ്റു ചെയ്യാതെ തന്നെ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശം ലഭിച്ചതാണ് പൊലീസിന് തിരിച്ചടിയായത്. സംഭവത്തിന് ദൃക്‌സാക്ഷികളില്‍ ചിലര്‍ സത്യം പറയാന്‍ മടിക്കുന്നതും ഈ സംഘടനയെ ഭയന്നാണെന്നും സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com