കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരല്ല; സംഘികള്‍ക്ക് മറുപടിയുമായി തോമസ് ഐസക്

2002 ജൂലൈ മാസത്തില്‍ കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ് 
കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരല്ല; സംഘികള്‍ക്ക് മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം: ചെങ്കോട്ട സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനം നേരിടുന്നതിനിടെ കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ആരോപിച്ചവര്‍ക്ക് മറുപടിയുമായി ധനമന്ത്രി ടിഎം തോമസ് ഐസക്.  

2002 ജൂലൈ മാസത്തില്‍ കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. ഇത്തരം വില്‍പനകള്‍ക്ക് ഇന്ത്യയിലാദ്യമായി ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിശ്ചയിച്ചതും എന്‍ഡിഎ സര്‍ക്കാരാണെന്നും  അരുണ്‍ ഷൂരിയായിരുന്നു മന്ത്രിയെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയത്തിന്റെ ഭാഗമായി 2002ലാണ് കോവളം ഹോട്ടല്‍ വില്‍പന നടന്നത്. വിറ്റത് കേന്ദ്രസര്‍ക്കാര്‍. വാങ്ങിയത് എം ഫാര്‍ ഗ്രൂപ്പ്. വില ഏതാണ്ട് 44 കോടി രൂപ. 2002ല്‍ ആരായിരുന്നു കേന്ദ്രം ഭരിച്ചത്? അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. കാശു വാങ്ങി കീശയിലിട്ടത് ഐറ്റിഡിസിയെന്നും  തോമസ് ഐസക്ക് പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും ഇതുപോലെ കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്. നുണയെഴുതുന്ന സംഘികള്‍ക്ക് അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ഈ നയത്തിനെതിരെ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരായ പ്രക്ഷോഭത്തില്‍ അണിനിരക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അല്ലാതെ, ആടിനെ പട്ടിയാക്കുന്ന കുപ്രചരണങ്ങള്‍ ഒഴുക്കി വിടുകയല്ല വേണ്ടതെന്നും ആ പരിപ്പ് കേരളത്തില്‍ വേവാന്‍ പോകുന്നില്ലെന്നും ഐസക് വ്യക്തമാക്കി. 

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച ദില്ലിയിലെ ചെങ്കോട്ടയുടെ സംരക്ഷണ നിയന്ത്രണാവകാശം ഡാല്‍മിയ ഗ്രൂപ്പാണ് സ്വന്തമാക്കിയത്. അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കൈമാറുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനേയും ജിഎംആര്‍ ഗ്രൂപ്പിനേയും കരാറില്‍ പിന്തള്ളിയാണ് ഡാല്‍മിയ ഗ്രൂപ്പിന്റെ നേട്ടം. 25 കോടി  രൂപയ്ക്കാണ് കൈമാറ്റം. ഈ പദ്ധതി പ്രകാരം താജ്മഹല്‍ അടക്കം രാജ്യത്തെ 100 ചരിത്ര സ്മാരകങ്ങളും പൈതൃക ഗ്രാമങ്ങളുമാണ് സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലേക്ക് വിട്ടുകൊടുക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കാംഗ്ര കോട്ട, ആന്ധ്രപ്രദേശിലെ ഗണ്ഡികോട്ട, മുംബൈയിലെ ബുദ്ധിസ്റ്റ് കനേരി ഗുഹകള്‍, ആന്ധ്ര പ്രദേശിലെ ചിറ്റ്കൂല്‍ ഗ്രാമം, അരുണാചല്‍ പ്രദേശിലെ തെംബാംഗ്, ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള സതി ഘട്ട് എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ കോവളം കൊട്ടാരം വിറ്റത് ഇടത് സര്‍ക്കാരെന്ന ആരോപണം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് തോമസ് ഐസക്കിന്റെ പോസ്റ്റ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com