തനിക്ക് പകരം പിസി ചാക്കോ ? ഉമ്മന്‍ചാണ്ടി മുന്‍ നിലപാട് തിരുത്തിയതായി സൂചന

പ്രവര്‍ത്തകസമിതി അംഗമാകാന്‍ ഉമ്മന്‍ചാണ്ടി സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍
തനിക്ക് പകരം പിസി ചാക്കോ ? ഉമ്മന്‍ചാണ്ടി മുന്‍ നിലപാട് തിരുത്തിയതായി സൂചന

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വം ഏറ്റെടുക്കില്ലെന്ന മുന്‍ നിലപാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി തിരുത്തിയതായി സൂചന. കോണ്‍ഗ്രസില്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനിന്നാല്‍, പിസി ചാക്കോ അടക്കം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആ സ്ഥാനത്തിന് കണ്ണുവെക്കുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് മുന്‍ നിലപാട് തിരുത്തിയതെന്നാണ് സൂചന. 

പിസി ചാക്കോ പ്രവര്‍ത്തകസമിതിയില്‍ വരുന്നതിനെ സംസ്ഥാന നേതൃത്വത്തില്‍ കടുത്ത വിയോജിപ്പുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളും ഉമ്മന്‍ചാണ്ടി നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതി അംഗമാകാന്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതി അംഗമാകുന്നതിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിര്‍പ്പില്ല  ജനസ്വാധീനമുള്ള ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയിലെത്തുന്നത് സംസ്ഥാന കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും എ ഗ്രൂപ്പ് അവകാശപ്പെടുന്നു. 

കേരളത്തില്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ നിയമിക്കാനാണ് നീക്കം. എന്നാല്‍ ഈ മാസം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിനുശേഷമാകും പുതിയ നേതാക്കളെ പ്രഖ്യാപിക്കുക എന്നാണ് റിപ്പോര്‍ട്ട്. വിഡി സതീശന്‍, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി നിരവധി പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com