ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

മെയ്​ 10 വരെയാണ്​ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ് 28 നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 31 നാണ് വോട്ടെണ്ണൽ
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

ആലപ്പുഴ : ചെങ്ങന്നൂർ നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മെയ് 28 നാണ് വോട്ടെടുപ്പ് നടക്കുക. മെയ് 31 നാണ് വോട്ടെണ്ണൽ. സ്വതന്ത്ര സ്ഥാനാർത്ഥികൾ ആദ്യദിനം തന്നെ നാമനിർദേശ പത്രിക നൽകിയേക്കുമെന്നാണ് സൂചന. വോട്ട് തേടി മണ്ഡലത്തിലേക്ക് രാഷ്ട്രീയ നേതാക്കൾ കൂട്ടത്തോടെ പര്യടനത്തിനും ഇന്ന് തുടക്കമായേക്കും. 

മെയ്​ 10 വരെയാണ്​ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ്​ 11ന്​ പത്രികകളുടെ സൂക്ഷ്​മപരിശോധന നടക്കും. മെയ്​ 14നാണ്​ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിപാറ്റ്​ സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമീഷൻ വ്യക്​തമാക്കിയിട്ടുണ്ട്​.  ചെങ്ങന്നൂർ അടക്കം നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളുടെ പേരുകൾ പുറത്തുവിട്ട് പ്രചരണം ആരംഭിച്ചിരുന്നു. ഡി. വിജയകുമാറാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി. സജി ചെറിയാന്‍ എൽഡിഎഫിന്‍റെയും പിഎസ് ശ്രീധരന്‍പിള്ള ബിജെപിയും സ്ഥാനാര്‍ഥികളാണ്. സിപിഎം എംഎൽഎ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജോലി തുടങ്ങി. അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്ററുകളും കൊടികളും നീക്കം ചെയ്തു. സർക്കാർ ഓഫീസുകളിലോ  പരിസരങ്ങളിലോ തെരഞ്ഞെടുപ്പ്  പോസ്റ്ററുകൾ പതിപ്പിക്കരുതെന്നാണ് ചട്ടം. കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി മണ്ഡലത്തിൽ പെരുമാറ്റച്ചട്ട പരിപാലന സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ തെരഞ്ഞെടുപ്പ്  കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകനും അടുത്ത ദിവസം മണ്ഡലത്തിലെത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com