തൃശൂരും കൊല്ലത്തും സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാര്‍ വരുന്നു

രാധാകൃഷ്ണനെ കേന്ദ്രക്കമ്മിറ്റിയിലേക്കും,  ബാലഗോപാലിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും ഉള്‍പ്പെടുത്തിയതോടെയാണ് ഇരുവരും ഒഴിയുന്നത്
തൃശൂരും കൊല്ലത്തും സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാര്‍ വരുന്നു

തിരുവനന്തപുരം : സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മാറും. രാധാകൃഷ്ണനെ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയിലേക്കും, കെ എന്‍ ബാലഗോപാലിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും ഉള്‍പ്പെടുത്തിയതോടെയാണ് ഇരുവരും ഒഴിയുന്നത്. ഇരുവരെയും കൂടാതെ പി രാജീവിന് പകരം എറണാകുളത്തും പുതിയ ജില്ലാ സെക്രട്ടറി വരും. അതത് ജില്ലാ കമ്മിറ്റികള്‍ പുതിയ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കാനാണ് സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായത്. 

തൃശൂരില്‍ കെ രാധാകൃഷ്ണന് പകരം യുപി ജോസഫിന്റെ പേരാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എസ്എഫ്‌ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് ജോസഫ്. നേരത്തെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. യുപി ജോസഫിന്റെ പിന്‍ഗാമികളായി എസ്.എഫ്.ഐ നേതൃതലത്തില്‍ വന്ന പി.രാജീവ്, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, ടി.വി രാജേഷ്, പി.കെ ബിജു, എം.സ്വരാജ് തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായി മാറിയപ്പോഴും അദ്ദേഹം ജില്ലാ കമ്മറ്റിയില്‍ തളയ്ക്കപ്പെടുകയായിരുന്നു. 

കൊല്ലത്ത് കെ എന്‍ ബാലഗോപാലിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ വരദരാജന്‍, എസ് സുദേവന്‍, പി ആര്‍ വസന്തന്‍, എസ് ജയമോഹന്‍, ജോര്‍ജ് മാത്യു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. മുന്‍ എംപി പി രാജേന്ദ്രന്റെ പേരിനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. എറണാകുളത്ത് പി രാജീവിന് പകരം, സിഎന്‍ മോഹനന്‍, ഗോപി കോട്ടമുറിക്കല്‍, സിഎം ദിനേശ് മണി എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com