അവിശ്വാസം പാസ്സായി ; ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

ഒരു സിപിഎം അംഗം വോട്ടെടുപ്പില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു
അവിശ്വാസം പാസ്സായി ; ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

കോട്ടയം : ഈരാറ്റുപേട്ടയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. സിപിഎം അംഗമായ ചെയര്‍മാന്‍ ടി എം റഷീദിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെ തുടര്‍ന്നാണിത്. ഒരു സിപിഎം അംഗം വോട്ടെടുപ്പില്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. കബീര്‍ എന്ന ഇടതുപക്ഷ അംഗമാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്തത്. 

അവിശ്വാസത്തിന് അനുകൂലമായി 15 പേര്‍ വോട്ടുചെയ്തു. അതേസമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് പ്രമേയം പരാജയപ്പെടുത്താനായിരുന്നു സിപിഎം തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സിപിഎം വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് മറ്റ് സിപിഎം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിപിഐ, എസ്ഡിപിഐ അം​ഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

അതേസമയം സിപിഎമ്മിന്റെ വിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും, അതുകൊണ്ട് തന്നെ വിപ്പ് ലംഘിച്ചെന്ന ആരോപണം ശരിയല്ലെന്നും കബീര്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നഗരസഭ വൈസ് ചെയര്‍പേഴ്‌സണെതിരായ അവിശ്വാസവും പരിഗണിക്കും. ജനപക്ഷം പ്രതിനിധിയാണ് ഇവിടെ വൈസ് ചെയര്‍പേഴ്‌സണ്‍. അതിനിടെ അവിശ്വാസ പ്രമേയം പാസ്സായതിനെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് സ്വാഗതം ചെയ്തു. അഴിമതിക്കാരാണ് പുറത്തായതെന്നും ജോര്‍ജ് പ്രതികരിച്ചു.

ആറു മാസങ്ങള്‍ക്ക് മുമ്പ് ചെയര്‍മാന്‍ റഷീദിനെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും വിജയിച്ചിരുന്നില്ല. സിപിഎം അംഗമായിരുന്ന റഷീദിന്റെ പാര്‍ട്ടി അംഗത്വം ഇത്തവണ സിപിഎം പുതുക്കിയിരുന്നില്ല. ഇതിനിടെ നഗരസഭ ഓഫീസ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സിപിഎം അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വീണ്ടും അവിശ്വാസവുമായി രംഗത്തെത്തിയത്.  

28 വാര്‍ഡുകളുള്ള നഗരസഭയില്‍ സിപിഎമ്മിന് എട്ട്, സിപിഐക്ക് ഒന്ന്, എസ്ഡിപിഐക്ക് നാല്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയായിരുന്നു ഭരണപക്ഷത്തെ കക്ഷിനില. അതേസമയം പ്രതിപക്ഷത്തെ യുഡിഎഫില്‍ മുസ്ലിം ലീഗിന് എട്ട്, കോണ്‍ഗ്രസ് മൂന്ന്, ജനപക്ഷം മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com