'സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്?'; സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേയെ പരിഹസിച്ച് വൈദികന്‍

സീറോ മലബാര്‍ സഭയുടെ കുടുംബപ്രേക്ഷിത കേന്ദ്രം നടത്തുന്ന സര്‍വേ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതാണെന്നാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്
'സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്?'; സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേയെ പരിഹസിച്ച് വൈദികന്‍

നന നിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സീറോ മലബാര്‍ സഭയുടെ കുടുംബ സര്‍വേയെ പരിഹസിച്ച് വൈദികന്‍ രംഗത്ത്. പഞ്ചാബ് ബണാലയിലെ മിഷനറി സൊസൈറ്റി ഓഫ് സെയിന്റ് തോമസ് ദി അപ്പൊസ്തല്‍ സമൂഹാംഗമായ ഫാ.ജോസ് വള്ളിക്കാട്ടാണ് സര്‍വേയെ പരിഹസിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സഭാ മക്കളില്‍ എത്ര പേര്‍ വയറുനിറച്ച് ഉണ്ണുന്നുണ്ട് എന്നതുള്‍പ്പടെ ആക്ഷേപഹാസ്യ രൂപത്തിലുള്ള 19 ചോദ്യങ്ങളാണ് ജോസ് വള്ളിക്കാട്ട് മുന്നോട്ടുവെച്ചിരിക്കുന്നത്. 

സീറോ മലബാര്‍ സഭയുടെ കുടുംബപ്രേക്ഷിത കേന്ദ്രം നടത്തുന്ന സര്‍വേ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതാണെന്നാണ് പ്രധാനമായും ആരോപണം ഉയര്‍ന്നത്. 15 ചോദ്യങ്ങളുള്ള ചോദ്യാവലിയിലെ ഭൂരിഭാഗം ചോദ്യങ്ങളും ജനനനിയന്ത്രണത്തെ ആസ്പദമാക്കിയുള്ളതാണ്. ഇതില്‍ നാലാമത്തെ ചോദ്യം നിങ്ങള്‍ കൃത്രിമ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ അതെന്താണെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സീറോ മലബാര്‍ പ്രേക്ഷിതകേന്ദ്രം സെക്രട്ടറിയും ഇടുക്കി സെയിന്റ് ജോര്‍ജ് പള്ളി വികാരിയുമായ ഫാ. ജോസഫ് കൊല്ലക്കൊമ്പിലാണ് ചോദ്യാവലി പുറത്തിറക്കിയത്.

ഫാ. ജോസ് വള്ളിക്കാട്ടിന്റെ ഫേയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

സഭയില്‍ ഇപ്പോള്‍ 'സര്‍വേക്കാലം' ആണല്ലോ.
'ഒരു ചോദ്യാവലി കിട്ടിയിരുന്നെങ്കില്‍...' എന്ന് ഞാന്‍ ആശിക്കുന്നു.
പക്ഷെ താഴെ പറയുന്ന ചോദ്യങ്ങള്‍ അതില്‍ ഉണ്ടാവണം.
ചോദ്യാവലി ഇഷ്ടപെട്ടാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതണെ...

1. സഭാമക്കളില്‍ എത്രപേര്‍ വയറു നിറച്ചു ഉണ്ണുന്നുണ്ട്?
2. അവര്‍ എത്ര നേരം ഉണ്ണുന്നു? ഒരുനേരം, രണ്ടുനേരം, മൂന്നു, നാല്, അഞ്ചു, ഒരിക്കലും ഇല്ല.
3. വാര്‍ക്കുന്ന ചോറിന്റെ അളവ് എത്ര? ഉരി, നാഴി, പറ, ഒഴിനാഴി. 
4. പാല്, പ്രോടീന്‍, അന്നജം, കാല്‍സിയം എന്നിവയുടെ വെവ്വേറെ ഉള്ള അളവ് എത്ര?
5. സഭ കരുതല്‍ വെക്കേണ്ട, സഭാ മക്കള്‍ അല്ലാത്ത സഹജരുടെ ഊണ് വിവരങ്ങള്‍, ആവര്‍ത്തി, അളവ്.
6. സഭാ മക്കള്‍ക്ക് വീടുണ്ടോ? വീടിനു മേല്‍ക്കൂര ഉണ്ടോ? അത് വാര്‍ക്ക, ഓട്, ഓല, ആകാശം?
7. വീടിന്റെ മുറികളുടെ എണ്ണം? ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു, തറ മാത്രം.
8. വീട്ടിലെ സ്ത്രീകള്‍ക് അര്‍ഹമായ പരിഗണന ഉണ്ടോ?
9. തീരുമാനങ്ങളില്‍ സ്ത്രീകള്‍ പങ്കാളിയാണോ?
10. സഹനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപാട് എന്ത്?
11. സഹനം സ്ത്രീകള്‍ക്കും, അബലര്‍ക്കും മാത്രം മതി.
12. ഉടുതുണിക്ക് മറുതുണി ഉള്ളവരുടെ എണ്ണം. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ വേറെ വേറെ, 
13. സ്വന്തമായി ഭൂമി ഉള്ളവര്‍ എത്ര?
14. ഭൂമി ഇല്ലാത്തവര്‍ നമ്പൂരി ക്രൈസ്തവരുടെ അടിയാളര്‍ ആയി കഴിയുന്നുണ്ടോ?
15. അവശ (ദളിത്) ക്രൈസ്തവര്‍ സഭയുടെ മുന്‍നിരയില്‍ കഴിയുന്നതെങ്ങനെ?
16. അവശ (ദളിത്) ക്രൈസ്തവര്‍ മുഖ്യധാരയില്‍ നിന്ന് കൂദാശകള്‍ സ്വീകരിക്കുന്നതെങ്ങനെ?
17. സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് സൗഭാഗ്യം സ്വീകരിച്ചവരുടെ എണ്ണം. ധനവാന്മാര്‍, ദരിദ്രര്‍, നമ്പൂരികുടുംബത്തില്‍ പിറന്നവര്‍, അല്ലാത്തവര്‍ എന്നീ വിവരം വേറെ വേറെ.
18. സഭക്ക് പണം സംഭാവന ചെയ്തവരുടെ പേരും തുകയും.
19 അധികാരി അടുപ്പില്‍ കാര്യം സാധിക്കുന്നതില്‍ കുഴപ്പം ഉണ്ടോ?
ചോദ്യാവലി സമ്പൂര്‍ണമല്ല... ആവശ്യാനുസരണം ചോദ്യങ്ങള്‍ കൂട്ടാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com