ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിത്തരുന്നതില്‍ ബിജെപി കേരള നേതൃത്വം പരാജയപ്പെട്ടു ; ശക്തി തെളിയിക്കാന്‍ തനിച്ച് മല്‍സരിക്കണമായിരുന്നു : വെള്ളാപ്പള്ളി

ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞതവണ ലഭിച്ച വോട്ടുപോലും നേടാനാകില്ലെന്നും വെള്ളാപ്പള്ളി
ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിത്തരുന്നതില്‍ ബിജെപി കേരള നേതൃത്വം പരാജയപ്പെട്ടു ; ശക്തി തെളിയിക്കാന്‍ തനിച്ച് മല്‍സരിക്കണമായിരുന്നു : വെള്ളാപ്പള്ളി

ആലപ്പുഴ : എന്‍ഡിഎ മുന്നണിയില്‍ നിന്ന് അവഗണന മാത്രമാണ് കിട്ടിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിത്തരുന്നതില്‍ കേരള നേതൃത്വം പരാജയപ്പെട്ടു. രണ്ടു വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ഇനി സ്ഥാനമാനങ്ങള്‍ നല്‍കിയാലും ബിഡിജെഎസിനേറ്റ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങില്ല.  അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രായാക്കാനൊന്നും ബിജെപിക്ക് അധികം സമയം വേണ്ടിവന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. 

ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. അവിടെ മല്‍സസരരംഗത്തുള്ള എല്‍ഡിഎഫ്-യുഡിഎഫ് -ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണ്.  ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള തന്നെ വന്നുകണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെങ്ങന്നൂരില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനാണ് മുന്‍തൂക്കം. ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്. ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞതവണ ലഭിച്ച വോട്ടുപോലും നേടാനാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. 

ബിഡിജെഎസ് മുന്നണിയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ആക്രമണം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കണമെന്നാണ് തന്റെ നിലപാടെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. ബിഡിജെഎസ് ആരാണെന്നും എന്താണെന്നും ജനങ്ങളെ മനസ്സിലാക്കാന്‍ ചെങ്ങന്നൂരില്‍ സ്വന്തമായി മല്‍സരിക്കുന്നത് നല്ലതാണെന്ന് താന്‍ പറഞ്ഞു. എന്നാല്‍ വേണ്ടെന്നാണ് അവരുടെ നിലപാട്. അകത്തു നിന്നും പുറത്തുനിന്നും കുത്തുകയും ഞോണ്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തമായി നിന്ന് ഈ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ക്ക് സ്വന്തം കരുത്ത് കാട്ടണമെന്നാണ് തന്റെ ഇപ്പോഴത്തെയും നിലപാട്. ചെങ്ങന്നൂരിലെ താരം ബിഡിജെഎസാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞാല്‍ എസ്എന്‍ഡിപി യോഗം നിലപാട് വ്യക്തമാക്കും. ബിഡിജെഎസ് വര്‍ഗീയ കക്ഷിയാണെന്ന സിപിഎം നേതാവ് എം വി ഗോവിന്ദന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണ്. ഗോവിന്ദന്റെ പരാമര്‍ശങ്ങള്‍ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസിനെ എതിര്‍ക്കുന്ന സിപിഎം നേതാക്കള്‍ക്ക് പല മുഖമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം മതേതരം പറയുന്ന ഇടതുപക്ഷത്ത് എല്ലാം മതേതര പാര്‍ട്ടികളാണോ ഉള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com