ശാസ്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചും ബാലപീഡനം നടക്കുന്നു: ആനന്ദ്

ചേലാകര്‍മം ആരോഗ്യത്തിനു നല്ലതാണെന്ന പ്രചാരണം ഒരുകാലത്ത് അമേരിക്കയില്‍ ശക്തമായിരുന്നു
ശാസ്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചും ബാലപീഡനം നടക്കുന്നു: ആനന്ദ്

കോഴിക്കോട്: വിശ്വാസങ്ങളുടെ പേരില്‍ മാത്രമല്ല, ശാസ്ത്രത്തിന്റെ പേരിലും ബാലപീഡനം നടക്കുന്നുണ്ടെന്ന് എഴുത്തുകാരനും സാമൂഹ്യ ചിന്തകനുമായ ആനന്ദ്. ശാസ്ത്രത്തിന്റെ പേരിലുള്ള പ്രചാരണമായും ചേലാകര്‍മം പോലുള്ള കാര്യങ്ങള്‍ പോഷിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതിയാക്കുക : ആചാരങ്ങളിലെ ബാലപീഡനം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആചാരങ്ങളുടെ പേരിലുള്ള ബാലപീഡനത്തിന് കുട്ടികള്‍ ഇരയാവുന്നതുപോലെ ശാസ്ത്രത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലും പീഡനങ്ങള്‍ നടക്കുന്നു. ചേലാകര്‍മം ആരോഗ്യത്തിനു നല്ലതാണെന്ന പ്രചാരണം ഒരുകാലത്ത് അമേരിക്കയില്‍ ശക്തമായിരുന്നു. ചേലാകര്‍മം നടത്തിയാല്‍ ലൈംഗിക രോഗങ്ങള്‍ ഉള്‍പ്പെടെ അകറ്റാമെന്ന വിശ്വാസത്തിലാണ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍വരെ ഇത് ചെയ്യുന്നത്. ശാസ്ത്രബോധവും യുക്തിബോധവും ശക്തമാക്കിക്കൊണ്ടും പഴുതില്ലാത്ത നിയമങ്ങളുണ്ടാക്കിക്കൊണ്ടും മാത്രമേ ഇതിനെ ചെറുക്കാനാവൂ എന്ന് ആനന്ദ് അഭിപ്രായപ്പെട്ടു. 

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള അശക്തരാണ് ആചാരങ്ങളുടെ പേരിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നത്.  ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെയാണ് ആചാരങ്ങളുടെ പേരിലുള്ള പീഡനങ്ങള്‍ കുറക്കാനായത്. ശാസ്ത്രബോധം വളര്‍ത്തി ഇത്തരം കിരാത രീതികളെ നേരിടണം. സംസ്‌കാരമാണ് മനുഷ്യരില്‍ ക്രൂരത കുറയ്ക്കുകയും ആര്‍ദ്രത പോഷിപ്പിക്കുകയും ചെയ്യുന്നത്. എന്നാല്‍ അധികാരമോഹവും മത വിശ്വാസങ്ങളും വിപരീത ഗുണമുണ്ടാക്കുന്ന  പ്രതിസംസ്‌കാരത്തെയാണ് വളര്‍ത്തുന്നത്. 

മക്കളെ ബലിനല്‍കുന്നതിന് പകരം മൃഗങ്ങളുടെ ബലിയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. എന്നാല്‍ വീണ്ടും മനുഷ്യരെ ബലിനല്‍കുന്ന രീതിയിലേക്ക് ഐഎസ് പോലുള്ള തീവ്രസംഘടനകള്‍  മാറുന്നു. ആചാരങ്ങളുടെ പേരിലുള്ള ബാലപീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ നിയമ സംവിധാനം വേണം. എന്നാല്‍ ജനാധിപത്യ സര്‍ക്കാരുകള്‍ പൊതുവികാരം ഭയന്ന് ഇത്തരം നിയമ നിര്‍മാണത്തില്‍നിന്ന് പിറകോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. വി പി സുഹറ അധ്യക്ഷയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com