സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം ; പരിക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു

പൊലീസ് മര്‍ദനത്തില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അനൂപിന്റെ ബന്ധുക്കള്‍
സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം ; പരിക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം. പരിക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ബാലുശേരി സ്വദേശി അനൂപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുളിമുറിയില്‍ നിന്നാണ് പൊലീസ് സംഘം തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് അനുപ് പരാതിപ്പെട്ടു. സ്റ്റേഷനില്‍ ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തിയായിരുന്നു മര്‍ദനം. നീ തുണി ഉടുക്കേണ്ടെന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് കളഞ്ഞു. ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തിയായിരുന്നു മര്‍ദനം. 

അത്തോളി സ്‌റ്റേഷന്‍ എഎസ്‌ഐ രഘുവാണ് മര്‍ദിച്ചത്. പൊലീസ് ജീപ്പില്‍ വെച്ചും മര്‍ദിച്ചു. തലമുടി മുടി പറിച്ചതായും, കൈവിരല്‍ ഒടിച്ചതായും അനൂപ് പറഞ്ഞു. രാവിലെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയ അനൂപിനെ വൈകീട്ടോടെയാണ് പൊലീസ് വിട്ടത്. ഒരു കല്യാണവീട്ടില്‍ വെച്ച് ഒരു പൊലീസുകാരന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് അനൂപിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. 

ഈ സംഭവത്തില്‍ നാട്ടുകാരായ ചിലരെയും പൊലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയിരുന്നു. എന്നാല്‍ ഇവരെ വൈകീട്ടുവരെ നിര്‍ത്തിയശേഷമാണ് വിട്ടയച്ചത്. പൊലീസ് മര്‍ദനത്തില്‍ അനൂപ് പരാതി നല്‍കിയെങ്കിലും അത്തോളി പൊലീസ് അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com