'ഐ ജി ശ്രീജിത്തിന്റെ സിനിമയുടെ പൂജയില്‍ എസ് പി ജോര്‍ജ് പങ്കെടുത്തു, ഇരുവരും തമ്മില്‍ ദീര്‍ഘകാല ബന്ധം' ; ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീജിത്തിന്റെ കുടുംബം

പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐജി എസ് ശ്രീജിത്തും ആരോപണ വിധേയനായ എ വി ജോര്‍ജ്ജും തമ്മില്‍ ദീര്‍ഘകാല ബന്ധവും സൗഹൃദവുമുണ്ട്
'ഐ ജി ശ്രീജിത്തിന്റെ സിനിമയുടെ പൂജയില്‍ എസ് പി ജോര്‍ജ് പങ്കെടുത്തു, ഇരുവരും തമ്മില്‍ ദീര്‍ഘകാല ബന്ധം' ; ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീജിത്തിന്റെ കുടുംബം

കൊച്ചി : വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി ശ്രീജിത്തിനെതിരെ മരിച്ച ശ്രീജിത്തിന്റെ കുടുംബം. ശ്രീജിത്തിന്റെ മരണത്തില്‍ ആരോപണ വിധേയനായ മുൻ റൂറല്‍ എസ് പി എ. വി ജോര്‍ജിനെ അന്വേഷണ സംഘത്തലവനായ ഐ ജി എസ് ശ്രീജിത്ത് സംരക്ഷിക്കുകയാണെന്നാണ് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നത്. ശ്രീജിത്തും എ വി ജോര്‍ജ്ജും തമ്മില്‍ ദീര്‍ഘകാല ബന്ധവും സൗഹൃദവുമുണ്ട്. അതുകൊണ്ടുതന്നെ ജോര്‍ജിനെ ചോദ്യം ചെയ്യാനോ, പ്രതിയാക്കാനോ അന്വേഷണ സംഘം മടിക്കുകയാണ്. 

ഐജി ശ്രീജിത്തിന്റെ സിനിമയുടെ പൂജാവേളയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. അതില്‍ ഒരാള്‍ എ വി ജോര്‍ജ്ജാണ്. ഇതിന്റെ ചിത്രങ്ങളും വരാപ്പുഴയില്‍ കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബം പുറത്തുവിട്ടു. കസ്റ്റഡി മരണത്തില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. ഏതാനും താഴ്ന്ന റാങ്കിലുള്ള പൊലീസുകാരെ മാത്രം പ്രതിയാക്കി ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ശ്രമം. അതിനാല്‍ സംഭവം സിബിഐ അന്വേഷിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു. 

പൂജാവേളയില്‍ എസ് ശ്രീജിത്തും, എവി ജോര്‍ജ്ജും
പൂജാവേളയില്‍ എസ് ശ്രീജിത്തും, എവി ജോര്‍ജ്ജും

റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ്, വരാപ്പുഴയിലെ വീടാക്രമണ കേസിലെ പ്രതിയെന്ന് ആരോപിച്ച് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് എസ്പി ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പിടികൂടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വീടാക്രമണ കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പിന്നീട് വ്യക്തമാക്കിയിരുന്നു. കേസില്‍ എസ് പി എ വി ജോര്‍ജിനെ, പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സന്ദര്‍ശിച്ച് ചില വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്തിന്റെ കുടുംബം പറയുന്നു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com