കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരം : ഡിജിപി 

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പടരാതിരിക്കാന്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരം : ഡിജിപി 

തിരുവനന്തപുരം : കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രാഷ്ട്രീയസംഘര്‍ഷങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രതികളെ ഉടന്‍ പിടികൂടും. മുഖം നോക്കാതെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

രാഷ്ട്രീയസംഘര്‍ഷങ്ങള്‍ പടരാതിരിക്കാന്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പുതുച്ചേരി ഡിഐജി കേരള പൊലീസിനോട് സഹായം തേടിയതായും ഡിജിപി അറിയിച്ചു. മാഹിയില്‍ ഇന്നലെ രാത്രി സിപിഎം നേതാവ് ബാബുവിനെയും ഒരു മണിക്കൂറിന് ശേഷം  ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജിനെയും  അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

കണ്ണൂരില്‍ ഇന്നലെ രാത്രി സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മരിച്ചത് രാഷ്ട്രീയക്കൊലപാതകങ്ങളെന്ന് പൊലീസ് എഫ്‌ഐആര്‍. മാഹിയില്‍ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയത് നാലംഗ സംഘമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ബൈക്കിലാണ് അക്രമി സംഘം എത്തിയതെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്റെ മകൻ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

വളരെ ആസൂത്രിതമായാണ് ബാബുവിന്റെ കൊലപാതകം നടത്തുന്നത്. വീട്ടിലേക്ക് പോകും വഴി റോഡില്‍ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ അക്രമി സംഘം വെട്ടുന്നത്. കഴുത്ത് അറുത്ത രീതിയിലാണ് ബാബുവിനെ കൊലപ്പെടുത്തിയത്. തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇതിന് തിരിച്ചടിയായാണ് ഓട്ടോ ഡ്രൈവറായ ഷമോജിനെ കൊലപ്പെടുത്തുന്നത്. ഷമേജിന്റെ കൈകള്‍ അക്രമികള്‍ വെട്ടിയെടുത്തു. മുഖത്തും മാരക മുറിവേല്‍പ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com