'ഹരിത കവചം നല്ല ആശയം' ;  സിപിഎം ക്യാംപെയ്‌ന് പിന്തുണയുമായി വയല്‍ക്കിളികള്‍

'ഹരിത കവചം ഒരു നല്ല ആശയം തന്നെ. ഒരു പ്രസ്ഥാനം മുന്‍കൈ എടുക്കുന്നത് അഭിനന്ദനീയം. പ്രചാരണത്തിനപ്പുറം ഇതു സംരക്ഷിച്ചു മുന്നോട്ടു പോകാനും സാധിക്കണം'.
'ഹരിത കവചം നല്ല ആശയം' ;  സിപിഎം ക്യാംപെയ്‌ന് പിന്തുണയുമായി വയല്‍ക്കിളികള്‍


കണ്ണൂര്‍ : കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരായ ലോങ് മാര്‍ച്ച് പ്രക്ഷോഭം നീട്ടിവെച്ച വയല്‍ക്കിലികള്‍ സിപിഎമ്മിന്റെ പരിസ്ഥിതി സംരക്ഷണ ക്യാമ്പെയ്‌ന് പിന്തുണയുമായി രംഗത്തെത്തി. സമരത്തിനു നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂരാണ് സിപിഎം പദ്ധതിക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രശംസ ചൊരിഞ്ഞത്. 'ഹരിത കവചം ഒരു നല്ല ആശയം തന്നെയാണ്. ഒരു പ്രസ്ഥാനം മുന്‍കൈ എടുക്കുന്നത് അഭിനന്ദനീയം. പ്രചാരണത്തിനപ്പുറം ഇതു സംരക്ഷിച്ചു മുന്നോട്ടു പോകാനും സാധിക്കണം'. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ചിത്രം സഹിതമുള്ള കുറിപ്പില്‍ സുരേഷ് കീഴാറ്റൂര്‍ കുറിച്ചു. 

സിപിഎം പരിസ്ഥിതി വിരുദ്ധരെന്ന ആക്ഷേപം മറികടക്കുക ലക്ഷ്യമിട്ടാണ് പരിസ്ഥിതി സംരക്ഷണ ക്യാംപെയ്‌നുമായി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. 'കണ്ണൂരിനൊരു ഹരിതകവചം' എന്ന മുദ്രാവാക്യമുയര്‍ത്തി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു ജില്ലയില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. 18 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ തൈകള്‍ ഉല്‍പാദിപ്പിക്കും. പുഴയോരങ്ങളില്‍ കണ്ടല്‍ത്തൈകളും വച്ചുപിടിപ്പിക്കും.

പരിസ്ഥിതി ദിനത്തിനും ഒരു മാസം മുന്‍പേ പാര്‍ട്ടിയുടെ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് തുടക്കമിട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ശില്‍പശാലകള്‍, പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണം, ശുചീകരണം, പുഴയറിയാന്‍ യാത്ര, കാവുസംരക്ഷണം, വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.  ജില്ലയിലെ കാവുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സിപിഎം ഏറ്റെടുക്കുമെന്ന് ജില്ലാസെക്രട്ടറി പി.ജയരാജന്‍ അറിയിച്ചു. 

തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയപ്പോള്‍ വയല്‍ നികത്തലിന് അനുകൂല നിലപാടാണ് സിപിഎം സ്വീകരിച്ചത്. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടിരുന്ന സിപിഎമ്മിന്റെ പുതിയ നിലപാട് രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. അതിനിടെ സെക്രട്ടേറിയറ്റിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ലോങ്മാര്‍ച്ച് പിന്നീട് നടത്താനാണ് വയല്‍ക്കിളികള്‍ തീരുമാനിച്ചത്. ആഗസ്റ്റില്‍ തൃശൂരില്‍ സമരസംഗമം നടത്തുമെന്നും, അതില്‍ വെച്ച് ലോങ്മാര്‍ച്ച് തീയതി പ്രഖ്യാപിക്കുമെന്നാണ് വയല്‍ക്കിളി നേതൃത്വം അറിയിച്ചത്. ഇതോടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വയല്‍ക്കിളികളെത്തുമെന്ന ഭീതിയാണ് സിപിഎമ്മിന് ഒഴിവായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com