ഐഎസ്ആര്‍ഒ ചാരക്കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പോരേ? സുപ്രീം കോടതി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി- ആദ്യം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ക്കാരിന് ആ തുക ഈടാക്കാം 
ഐഎസ്ആര്‍ഒ ചാരക്കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പോരേ? സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ചാല്‍ പോരെയെന്നും കോടതി വാദത്തിനിടെ ചോദിച്ചു. നമ്പി നാരായണന് ആദ്യം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ക്കാരിന് ആ തുക ഈടാക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നാളെയും വാദം തുടരും.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അടിസ്ഥാന രഹിതമായ കേസ് ചമച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് , ജോഷ്വ, വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.  ചാരക്കേസില്‍ അന്വേഷണം നടത്താമെന്ന് സിബിഐ സുപ്രീംകോടതിയെ രാവിലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം.

തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ആരോപണം.  കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് 1994 നവം 30 ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തില്‍ കുറ്റാരോപിതര്‍ക്കെതിരായി തെളിവുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. കുറ്റവിമുക്തനാക്കിയ നമ്പി നാരായണന് ഹൈക്കോടതി 10 ലക്ഷം രുപ നഷ്ടപരിഹാരവും നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com