മൊഴി വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തി ; വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ എസ്പി എ വി ജോര്‍ജ് കുരുക്കില്‍

ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷിന്റെ മൊഴി വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി
മൊഴി വ്യാജമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തി ; വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ എസ്പി എ വി ജോര്‍ജ് കുരുക്കില്‍

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ് കുടുങ്ങുന്നു. ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷിന്റെ മൊഴി വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മരിച്ച ശ്രീജിത്തിനെതിരെ വരാപ്പുഴ സ്റ്റേഷനില്‍ വെച്ചാണ് കൃത്രിമമായി മൊഴി ഉണ്ടാക്കിയത്. ഇതുസംബന്ധിച്ച് സ്റ്റേഷനിലെ റൈട്ടര്‍ അടക്കമുള്ളവരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. വ്യാജമൊഴി സൃഷ്ടിച്ചത് റൂറല്‍ എസ്പി എ വി ജോര്‍ജിനും അറിവുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച മൊഴികൾ. 

ശ്രീജിത്ത് മരിച്ചതോടെ പൊലീസ് സംഭവത്തില്‍ നിന്നും തലയൂരാനായി രണ്ട് മൊഴികളാണ് കൃത്രിമമായി ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായാണ് വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്തും ഉണ്ടായിരുന്നു എന്ന തരത്തില്‍ വിനീഷിന്റെ മൊഴി എടുത്തത്. ഇതോടെ വിനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുതെന്ന് വാദിക്കാനായിരുന്നു ഇത്. എന്നാൽ രേഖയിൽ പറയുന്ന ദിവസം വിനീഷ് അച്ഛന്റെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായിരുന്നു എന്നും, അയാൾ സ്റ്റേഷനിലെത്തിയിട്ടില്ല എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 

മറ്റൊന്ന് സ്ഥലത്തില്ലാതിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍, വാസുദേവന്റെ വീടാക്രമിച്ചതിന് ദൃക്‌സാക്ഷിയാണെന്ന മൊഴിയാണ്. ഇതും വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് ഉണ്ടാക്കിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പരമേശ്വരന്റെ മൊഴി അദ്ദേഹത്തിന്റെ മകന്‍ നിഷേധിച്ചിരുന്നു. പരമേശ്വരന്‍ സ്ഥത്തുണ്ടായിരുന്നില്ലെന്നും, ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിതെന്നുമായിരുന്നു മകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

വ്യാജമൊഴി ഉണ്ടാക്കിയത് സംബന്ധിച്ച് എസ്പിയ്ക്കും അറിവുണ്ടായിരുന്നതായി സിഐ ക്രിസ്പിന്‍ സാം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൃത്രിമ രേഖ ചമയ്ക്കുന്നതില്‍ എസ്പിയുടെ പങ്ക് വ്യക്തമാകാന്‍ ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജോര്‍ജിന് ഇക്കാര്യത്തില്‍ രാഷ്ട്രീയനേതാക്കളുടെ അടക്കം പുറത്ത് നിന്ന് ആരുടെയെങ്കിലും സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോണ്‍ രേഖകളില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സംഭവ ദിവസവും പിറ്റേന്നും പല തവണ വിളിച്ചിരുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. 

കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ഫോഴ്‌സിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റൂറൽ ടൈ​ഗർ ഫോഴ്സിന് എ വി ജോർജ് വഴിവിട്ട് റിവാർഡുകൾ നൽകിയിരുന്നു. കൂടാതെ പല കേസുകളിലും സ്റ്റേഷൻ അധികൃതർ അറിയാതെ എസ്പി,  ആർടിഎഫിനെ നിയോ​ഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.  ഇതോടെ കസ്റ്റഡി മരണക്കേസില്‍ എ വി ജോർജിനെ പ്രതിയാക്കുന്നത് സംബന്ധിച്ച സാധ്യതകൾ പ്രത്യേക അന്വേഷണ സംഘം ആരായുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com