'ശബരിമല ഉണ്ണിയപ്പം കഠിനം പൊന്നയ്യപ്പാ'; ഇനി ഉണ്ണിയപ്പം പല്ലുകളയില്ല, കടിച്ചാല്‍ പൊട്ടുന്ന പ്രസാദമുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ്

പ്രസാദത്തില്‍ കുറച്ച് മാറ്റം വരുത്തി കട്ടി കുറയ്ക്കുകയാണ് അധികൃതര്‍
'ശബരിമല ഉണ്ണിയപ്പം കഠിനം പൊന്നയ്യപ്പാ'; ഇനി ഉണ്ണിയപ്പം പല്ലുകളയില്ല, കടിച്ചാല്‍ പൊട്ടുന്ന പ്രസാദമുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ്

ബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ തന്റെ പ്രീയപ്പെട്ടവര്‍ക്കായി അവിടത്തെ പ്രസാദമായ അരവണ പായസവും ഉണ്ണിയപ്പവും കൊണ്ടുവരും. അരവണ പായസം എല്ലാവര്‍ക്കും ഇഷ്ടമായതിനാല്‍ കൈയില്‍ കിട്ടി പറഞ്ഞ നേരംകൊണ്ട് പാത്രം കാലിയാകും. എന്നാല്‍ ഉണ്ണിയപ്പം ആള് സ്‌ട്രോങ്ങായിരിക്കും. ശബരിമല കയറ്റം പോലെ കഠിനം. കടിച്ച് പൊട്ടിക്കാന്‍ എല്ലാവര്‍ക്കും പറ്റില്ല. പല്ലിന് ബലമുള്ളവര്‍ക്ക് മാത്രം കഴിയുന്ന സാഹസം. ഉണ്ണിയപ്പം കഴിക്കുന്നത് പല്ല് പോവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ഭൂരിഭാഗം പേരും ഉണ്ണിയപ്പത്തിന്റെ നേര്‍ക്ക് നോക്കാറുപോലുമില്ല. 

ഭക്തരുടെ ഈ ദുഃഖത്തിന് പരിഹാരം കാണാനുള്ള തീരുമാനത്തിലാണ് തിരുവനന്തപുരം ദേവസ്വംബോര്‍ഡ്. പ്രസാദത്തില്‍ കുറച്ച് മാറ്റം വരുത്തി കട്ടി കുറയ്ക്കുകയാണ് അധികൃതര്‍. ഉണ്ണിയപ്പം പെട്ടെന്ന് കേടായി പോവാതിരിക്കാന്‍ വേണ്ടിയാണ് കട്ടിയായി നിര്‍മിക്കുന്നത്. 

ഉണ്ണിയപ്പത്തില്‍ പഴം ചേര്‍ക്കുന്നത് പ്രസാദം കേടാവാന്‍ കാരണമാകുമെന്ന് ദേവസ്വം ബോര്‍ഡ് പേടിക്കുന്നുണ്ടെന്നാണ് സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (സിഎഫ്ടിആര്‍ഐ) ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനാല്‍ കേടാവാതിരിക്കാന്‍ പരമാവധി വറുത്തെടുക്കുന്നതുകൊണ്ട് കടിക്കാന്‍ പറ്റാത്ത രീതിയില്‍ കട്ടിയാകും. പക്ഷേ ഇപ്പോള്‍ കുറഞ്ഞത് 15 ദിവസം വരെയെങ്കിലും ഫ്രഷായി ഇരിക്കാന്‍ പുതിയൊരു ഫോര്‍മുല കൊണ്ടുവന്നിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അരിപ്പൊടി, ശര്‍ക്കര, പഴം, നെയ് എന്നിവ ചേര്‍ത്താണ് പ്രസാദം നിര്‍മിക്കുന്നത്. 

ഉണ്ണിയപ്പവും അരവണ പായസവും കേടാവാതെ സൂക്ഷിക്കുന്നതിനുള്ള കാലാവധി വര്‍ധിപ്പിക്കുന്നതിനായി പുതിയ രീതി കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാന്‍ സിഎഫ്ടിആര്‍ഐ സന്ദര്‍ശിച്ചെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി. വാസു പറഞ്ഞു. അരവണ പായസവും മേക്ക് ഓവറിന് തയാറെടുക്കുകയാണ്. പായസത്തില്‍ ഉപയോഗിക്കുന്ന ശര്‍ക്കരയുടെ അളവ് 80 ശതമാനം മുതല്‍ 60 ശതമാനം വരെ കുറയ്ക്കാനാണ് തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുത്തന്‍ രൂപത്തിലെ അരവണയും ഉണ്ണിയപ്പവും ഭക്തരിലേക്ക് എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com