ഇഷാനും സൂര്യയും ഒന്നായി; കേരളത്തില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം

ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിന് വഴിയൊരുക്കിയത്
ഇഷാനും സൂര്യയും ഒന്നായി; കേരളത്തില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം

കേരളത്തില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹം തിരുവനന്തപുരത്ത് നടന്നു. സൂര്യയും ഇഷാന്‍ കെ ഷാനുമാണ് പ്രതിസന്ധികളെ മറികടന്ന് ജീവിതം പങ്കിടാന്‍ ആരംഭിച്ചിരിക്കുന്നത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ഇവരുടെ വിവാഹം തിരുവനന്തപുരം മന്നം ക്ലബില്‍ നടന്നപ്പോള്‍ അനുഗ്രഹാശംസകളുമായി ഇവിടെക്കെത്തിയത് നിരവധി ആളുകളാണ്. 

പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. സൂര്യ ഹൈന്ദവ കുടുംബ പശ്ചാതലത്തില്‍ നിന്നും ഇഷാന്‍ ഇസ്ലാം സമുദായത്തില്‍ നിന്നുമായതിനാല്‍ കേവലമൊരു രജിസ്റ്റര്‍ വിവാഹം എന്നതിലുപരി ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് വിപുലമായിതന്നെ വിവാഹം നടത്താമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളര്‍ത്തുപുത്രിയായിരുന്നു സൂര്യ. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ.

ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിന് വഴിയൊരുക്കിയത്.  ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടായില്ല. മുപ്പത്തൊകാരിയായ സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. സൂര്യ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യല്‍ ആക്റ്റിവിസ്റ്റും, ഭിന്ന ലൈംഗിക ന്യൂനപക്ഷ പ്രവര്‍ത്തകയുമാണ്. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെയും പ്രശസ്തയാണ് സൂര്യ. 

വീട്ടുകാരുടെ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങള്‍ വിവാഹം ചെയ്യുന്നതെന്നും കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെത്തന്നെ ആദ്യ നിയമവിധേയ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന്റെ ഭാഗമാകാന്‍ പോവുന്നു എന്നതില്‍ വളരെ സന്തോഷമുണ്ടെന്നും വിവാഹത്തെകുറിച്ച് സുര്യ പ്രതികരിച്ചിരുന്നു. 'വിവാഹം എന്നതിലുപരി സമൂഹത്തിനും വരും തലമുറയ്ക്കും മുന്‍പില്‍ ഒരു മാതൃകയും പ്രചോദനവുമാവാന്‍ സാധിക്കുന്നു എന്നതില്‍ അഭിമാനം ഏറെയാണ്. ഒരു പുരുഷനെയോ സ്ത്രീയെയോ പോലെ എല്ലാവിധ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഞങ്ങള്‍ക്കും പരസ്പര സ്‌നേഹത്തോടെ സമൂഹത്തില്‍ കുടുംബമായി ജീവിക്കണം. മനസ്സും പ്രണയവും സ്‌നേഹവുമെല്ലാം ഞങ്ങളിലുമുണ്ട്. പൂര്‍ണതയുള്ള പുരുഷനെയോ സ്ത്രീയെയോ വിവാഹം ചെയ്യുന്നതിനുപകരം സ്വന്തം കമ്മ്യൂണിറ്റിയില്‍ത്തന്നെ ഉള്‍പ്പെടുന്ന, പരസ്പര ധാരണയുള്ള ഒരു പങ്കാളിയെ വിവാഹം ചെയ്യുന്നതാണ് ഏറ്റവും ഉചിതംഠ, വിവാഹത്തിനു മുമ്പ് സൂര്യ പറഞ്ഞ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com