ഒരു രാത്രി വീട്ടിൽ തങ്ങി, അജ്ഞാത യുവതി സ്വർണാഭരണങ്ങളുമായി മുങ്ങി

ഭവനപദ്ധതിയില്‍ വീട് നല്‍കാമെന്നു പറഞ്ഞ് സൗഹൃദം നേടിയ ശേഷമായിരുന്നു കവർച്ച
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ : ഒരു രാത്രി വീട്ടിൽ തങ്ങിയ അജ്ഞാത യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. തൃശൂർ പെരുമ്പിള്ളിശ്ശേരി പൂത്തറക്കല്‍ റോഡില്‍ സോപാനം നഗറില്‍ ചിറാപറമ്പില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഉണ്ണികൃഷ്ണന്റെ മകള്‍ വൃന്ദയുടെ ആറരപ്പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 

ഭവനപദ്ധതിയില്‍ വീട് നല്‍കാമെന്നു പറഞ്ഞ് സൗഹൃദം നേടിയ ശേഷമായിരുന്നു കവർച്ച. അഞ്ച് കുടുംബാംഗങ്ങള്‍ വീട്ടിലുള്ളപ്പോഴാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച നാലരപ്പവന്റെ താലിമാല, ഒരു പവന്റെ നെക്ലേസ്, അരപ്പവന്റെ മോതിരം, അരപ്പവന്റെ കൈചെയിന്‍ എന്നിവയാണ് നഷ്ടമായത്. ഉണ്ണികൃഷ്ണന്റെ ഭാര്യ വിദ്യ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ വഴിയില്‍വെച്ചു പരിചയപ്പെട്ട സ്ത്രീ വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ മാസം 20-ന് പെരുമ്പിള്ളിശ്ശേരിയിലെ വീട് അന്വേഷിച്ചെത്തി പരിചയം പുതുക്കി. 

ഭവനപദ്ധതി മുഖേന ജില്ലയില്‍ രണ്ടിടത്ത് വിദ്യയ്ക്ക് വീട് ശരിയാക്കിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. ഇതിനായി വിദ്യയെ കൊടുങ്ങല്ലൂരില്‍ ട്രഷറി, ബാങ്ക് എന്നിവയടക്കം പല സ്ഥലങ്ങളിലും കൊണ്ടുപോയി. വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും വീട്ടിലെത്തിയ സ്ത്രീ മഴയാണെന്ന് പറഞ്ഞ് അവിടെ തങ്ങി.  പിറ്റേന്ന് രാവിലെ വീടിന്റെ കാര്യത്തിന്  സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കാണണം എന്നു പറഞ്ഞ് വിദ്യയെയും അവരുടെ വൃദ്ധയായ അമ്മയെയും കൂട്ടി ഓട്ടോയില്‍ കൂര്‍ക്കഞ്ചേരി സെന്ററിലേയ്ക്ക് കൊണ്ടുപോയി.  

എന്നാല്‍, ഓട്ടോയില്‍ നിന്ന് ഇറങ്ങിയ സ്ത്രീ പിന്നീട് തിരിച്ചുവന്നില്ല. തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്. ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാങ്കിലെ സിസിടിവി യില്‍ പതിഞ്ഞ ചിത്രം, ഇവര്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പര്‍ എന്നിവ മുഖേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com