ജെസ്നയെ ബംഗളുരൂവിൽ കണ്ടത് ഭാവനാസൃഷ്ടിയെന്ന് പൊലീസ്; അന്വേഷണം മൈസൂരുവിലേക്ക്

ജെസ്‌നയും സുഹൃത്തും മൈസൂരുവിലേക്കു കടന്നതായാണ് പൊലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മൈസുരൂവിലേക്ക് വ്യാപിപ്പിച്ചു- ജെസ്‌നയെ കണ്ടെന്ന് പറയുന്ന ആള്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു
ജെസ്നയെ ബംഗളുരൂവിൽ കണ്ടത് ഭാവനാസൃഷ്ടിയെന്ന് പൊലീസ്; അന്വേഷണം മൈസൂരുവിലേക്ക്

പത്തനംതിട്ട : റാന്നി കൊല്ലമുളിയില്‍ നിന്നും കാണാതായ ജെസ്‌ന ജോസഫിനെ ​ബംഗളുരൂവിലെ ധര്‍മാരാമിലെ അശ്വാസഭവനിലും നിംഹാന്‍സ് ആശുപത്രിയിലും പുരുഷ സുഹൃത്തിനൊപ്പം കണ്ടെന്നതിനു സ്‌ഥിരീകരണമില്ലെന്ന്‌ അന്വേഷണസംഘം. ബെംഗളൂരുവിലെത്തിയ കേരള പൊലീസ് രണ്ടിടത്തെയും സിസി ക്യാമറകള്‍ പരിശോധിച്ചു. എന്നാല്‍, ഇവയിലൊന്നും ജെസ്‌നയുടെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്തേവാസികളുടെയും മലയാളി നഴ്‌സുമാരുടെയും മൊഴിയെടുക്കുകയും ചെയ്‌തശേഷമാണു പോലീസ്‌ ഇക്കാര്യം അറിയിച്ചത്‌.

മാര്‍ച്ച്‌ 22-നു രാവിലെ 10.30-നു മുക്കൂട്ടുതറയില്‍നിന്നാണു കുന്നത്തുവീട്ടില്‍ ജെയിംസ്‌ ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായത്‌. 47 ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്‌ വലയുമ്പോഴാണ്‌ കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്‌.പി: എസ്‌. റഫീഖിന്‌ ജെസ്‌നയേയും  സുഹൃത്തിനെയും മടിവാളയിലെ ആശ്വാസഭവനില്‍ കണ്ടെന്ന വിവരം ലഭിച്ചത്‌. ആശ്വാസഭവനിലെ അന്തേവാസിയും പൈക സ്വദേശിയുമായ പുരോഹിതന്‍ ഈ വിവരം മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയെ വിളിച്ചറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയാള്‍ പോലീസിനും ആന്റോ ആന്റണി എം.പിക്കും കൈമാറി. ബംഗളുരുവില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ചുമതല വഹിച്ചിരുന്ന ആന്റോ ആന്റണി ഉടന്‍ ആശ്വാസഭവനിലെത്തി വിവരം തിരക്കുകയും ചെയ്തു.

പെരുനാട്‌ ഇന്‍സ്‌പെക്‌ടര്‍ എം.ഐ. ഷാജിയുടെനേതൃത്വത്തില്‍ ജില്ലാ പോലീസ്‌ മേധാവിയുടെ ഷാഡോ പോലീസ്‌ ഉള്‍പ്പെട്ട സംഘം പിറ്റേന്നുതന്നെ മടിവാളയിലേക്കു തിരിച്ചു. ഇന്നലെ ഉച്ചയോടെ ആശ്വാസഭവനിലെത്തിയ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും  കണ്ടില്ല. ആശ്വാസഭവനില്‍ പ്രവേശനകവാടം മുതല്‍ ക്യാമറ നിരീക്ഷണമുണ്ട്‌. 

ഈ പറഞ്ഞ ദിവങ്ങളിലൊന്നും പെണ്‍കുട്ടിയും യുവാവും ആശ്വാസഭവനില്‍ വന്നതിന്റെ ദൃശ്യങ്ങളില്ല. ഒപ്പമുള്ള യുവാവിനെ വിവാഹം കഴിക്കാനുള്ള സൗകര്യം ചെയ്‌തുതരണമെന്നു പെണ്‍കുട്ടി  ആവശ്യപ്പെട്ടതായാണ്‌ അന്തേവാസി പറഞ്ഞത്‌. ബംഗളുരുവിലേക്കു വരുന്നവഴി ബൈക്ക്‌ മറിഞ്ഞ്‌ സുഹൃത്തിനു പരുക്കേറ്റെന്നും നിംഹാന്‍സ്‌ ആശുപത്രിയില്‍ നാലുദിവസം ചികിത്സ നടത്തിയെന്നും ഇവര്‍ പറഞ്ഞത്രേ. തുടര്‍ന്ന്‌ ഇവര്‍ മൈസുരുവിലേക്കു പോയെന്നാണ്‌ അന്തേവാസിയുടെ മൊഴി. നിംഹാന്‍സ്‌ ആശുപത്രിയിലെ സി.സി. ടിവി ദൃശ്യങ്ങളും പോലീസ്‌ പരിശോധിച്ചു. ജെസ്‌നയുടെ ഫോട്ടോ കാണിച്ച്‌, മലയാളി നഴ്‌സുമാരില്‍നിന്നു വിവരങ്ങള്‍ തിരക്കിയെങ്കിലും അങ്ങനെയൊരാളെ കണ്ടിട്ടില്ലെന്ന മൊഴിയാണു ലഭിച്ചത്‌. പോലീസ്‌ ഇപ്പോഴും കര്‍ണാടകയില്‍ തങ്ങുകയാണ്‌. അന്വേഷണം  വ്യാപിപ്പിക്കുമെന്നു തിരുവല്ല ഡിവൈ.എസ്‌.പി: ആര്‍. ചന്ദ്രശേഖരപിള്ള അറിയിച്ചു.

അതേസമയം ആശ്രമത്തില്‍ ജെസ്‌നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. അതിനാല്‍ മേലുദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ അന്വേഷണസംഘം  ബെംഗളൂരുവില്‍ തങ്ങുകയാണ്. ജെസ്‌നയ്‌ക്കൊപ്പം തൃശൂര്‍ സ്വദേശിയായ യുവാവും ഉണ്ടായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മറ്റൊരു സംഘം തൃശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം. ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ച് ഇയാളെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് പൊലീസിന്. ഇവര്‍ മൈസൂരുവിലേക്കു കടന്നതായാണ് പൊലീസിനു ലഭിച്ച മൊഴി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com