വരാപ്പുഴ കസ്റ്റഡി മരണം : നാലു പൊലീസുകാര്‍ കൂടി പ്രതികള്‍

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സ്‌റ്റേഷനിലുണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്
വരാപ്പുഴ കസ്റ്റഡി മരണം : നാലു പൊലീസുകാര്‍ കൂടി പ്രതികള്‍

കൊച്ചി :  വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഗ്രേഡ് എസ്‌ഐ അടക്കം നാലു പൊലീസുകാരെ കൂടി പ്രതി ചേര്‍ത്തു. ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍, എഎസ്‌ഐ സന്തോഷ്, സിപിഒമാരായ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സ്‌റ്റേഷനിലുണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. സ്‌റ്റേഷനിലെ റൈറ്ററെ കൂടി കേസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

അന്യായമായി തടങ്കലില്‍ വെച്ചതിനും, മര്‍ദിച്ചത് മറച്ചുവെച്ചതിനുമാണ്  ഇവർക്കെതിരെ കേസെടുത്തത്. പ്രതി ചേര്‍ത്തുള്ള റിപ്പോര്‍ട്ട് പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ എട്ടുപേരുടെ രഹസ്യമൊഴി എടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സാക്ഷികളായ വിനീഷ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്‍ തുടങ്ങിയവരുടെ രഹസ്യമൊഴികളാണ് രേഖപ്പെടുത്തുക. സാക്ഷികല്‍ തുടര്‍ച്ചയായി മൊഴി മാറ്റുന്ന സാഹചര്യത്തിലാണ് രഹസ്യമൊഴി എടുക്കുന്നത്.

കേസില്‍ മുന്‍ എസ്പി എ വി ജോര്‍ജിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷിന്റെ മൊഴി വ്യാജമായി ഉണ്ടാക്കിയതാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യാജ മൊഴി എസ്പിയുടെ അറിവോടെയാണെന്ന് കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ വാസുദേവന്റെ വീടാക്രമണക്കേസില്‍ ശ്രീജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍, റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് മേല്‍ എസ് പി എ വി ജോര്‍ജ് അനാവശ്യ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി പ്രത്യേക അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയതായാണ് സൂചന. കേസന്വേഷണത്തിലെ പുരോഗതി അന്വേഷണ സംഘം ഡിജിപി ലോകനാഥ് ബെഹ്‌റയെ അറിയിച്ചിട്ടുണ്ട്. അതിനിടെ വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണ കേസില്‍ കോടതിയില്‍ കീഴടങ്ങിയ യഥാര്‍ത്ഥ പ്രതികളെ കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. തുളസീദാസ് എന്ന ശ്രീജിത്ത്, അജിത്ത്, വിപിന്‍ എന്നിവരെ വാസുദേവന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com