ഇടതോ വലതോ മനഃസാക്ഷി വോട്ടോ ? ചെങ്ങന്നൂരിൽ കേരള കോൺ​ഗ്രസ് തീരുമാനം ഇന്ന്

യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കെ എം മാണി അഭിപ്രായപ്പെട്ടിരുന്നു
ഇടതോ വലതോ മനഃസാക്ഷി വോട്ടോ ? ചെങ്ങന്നൂരിൽ കേരള കോൺ​ഗ്രസ് തീരുമാനം ഇന്ന്

കോട്ടയം : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർ മനസാക്ഷി വോട്ടു ചെയ്യുന്നതു സംബന്ധിച്ച് പാർട്ടി തീരുമാനം എടുക്കുമെന്നാണ് സൂചന. ഇക്കാര്യം സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി അറിയിച്ചു.  ഉപതെരഞ്ഞെടുപ്പുകൾ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ അനുയോജ്യമായ സമയമല്ല. അത്തരം തീരുമാനം പൊതുതെരഞ്ഞെടുപ്പിലേ എടുക്കൂ. യുഡിഎഫിനോടും എൽഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കെ എം മാണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇടതുപക്ഷ അനുകൂല നിലപാടിനോടാണ് കെഎം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും താൽപ്പര്യം. എന്നാൽ പിജെ ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാ​ഗം ഇടതുമുന്നണി സഹകരണത്തെ എതിർക്കുകയാണ്. രാഷ്ട്രീയ നീക്കുപോക്ക് സംബന്ധിച്ച് പാർട്ടിയിൽ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൽക്കാലം മനസാക്ഷി വോട്ടെന്ന നിലപാടിലേക്ക് പാർട്ടി എത്തിയതെന്നാണ് സൂചന. 

പാർട്ടിയുടെ മനസ്സറിഞ്ഞ് പ്രവർത്തകർ വോട്ടുചെയ്യുമെന്ന് കെ എം മാണി പറഞ്ഞിരുന്നു. അതിനാൽ ഇരു മുന്നണികളോടും തുല്യദൂരം പാലിക്കണോ, ഏതെങ്കിലും മുന്നണിയോട് മൃദുസമീപനം സ്വീകരിക്കണോ തുടങ്ങിയ സൂചനകൾ മനസാക്ഷി വോട്ടിൽ നൽകണോ എന്ന കാര്യങ്ങൾ സ്റ്റിയറിം​ഗ് കമ്മിറ്റിയുടെ പരി​ഗണനയ്ക്ക് വരും. സ്റ്റിയറിം​ഗ് കമ്മിറ്റി യോ​ഗത്തിന് മുന്നോടിയായി ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി പാർട്ടിയിൽ അനൗദ്യോ​ഗിക ചർച്ചകൾ നടക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com