കേരളത്തിലെ ആദ്യ സിസേറിയന്‍ ശിശു വിടവാങ്ങി 

കേരളത്തിലെ ആദ്യ സിസേറിയന്‍ ശിശു വിടവാങ്ങി 

കേരളത്തില്‍ ആദ്യമായി സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച മിഖായേല്‍ ശവരിമുത്തു ഇന്നലെ നിര്യാതനായി

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ജനിച്ച മിഖായേല്‍ ശവരിമുത്തു ഇന്നലെ നിര്യാതനായി. 98 വയസ്സായിരുന്നു. തെക്കാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയില്‍ 1920ല്‍ ജനിച്ച പാളയം സ്വദേശി ശവരിമുത്തു സംസ്ഥാനത്ത് ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത ആദ്യ ശിശുവാണ്.

വിദേശത്ത് പഠനം പൂര്‍ത്തിയാക്കി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ വനിതാ സര്‍ജന്‍ മേരി പുന്നന്‍ ലൂക്കോസിന്റെ നേതൃത്വത്തിലാണ് കോരളത്തിലാദ്യമായി സിസേറിയന്‍ നടന്നത്. കുണ്ടമണ്‍കടവ് തെക്കേ മൂലത്തോര്‍പ്പ് വീട്ടില്‍ മിഖായേലിന്റെയും മേരിയുടെയും മകനാണ് ശവരിമുത്തു. മേരിയുടെ നാലാമത്തെ പ്രസവത്തിലാണ് ശവരിമുത്തു പിറന്നത്. ആദ്യ മൂന്ന് പ്രസവത്തിലും ഗര്‍ഭരക്ഷയുടെയും പരിചരണത്തിന്റെയും കുറവു മൂലം കുഞ്ഞുങ്ങള്‍ ജനനത്തില്‍ തന്നെ മരിച്ചിരുന്നു. ഇതുകൊണ്ടുതന്നെ നാലാമത്തെ കുഞ്ഞിന്റെ ജനനം ഇവര്‍ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 

സാധാരണപ്രസവമാണെങ്കില്‍ ഈ കുഞ്ഞും മരിക്കും എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ വയറുകീറി കുഞ്ഞിനെ പുറത്തെടുത്താല്‍ അമ്മയ്ക്കും കുഞ്ഞിനും കേടുണ്ടാകില്ലെന്ന് ഡോ. മേരി പറഞ്ഞു. കേട്ടപ്പോള്‍ ആദ്യമൊന്ന് ഭയത്തെങ്കിലും പിന്നീട് മിഖായേലും മേരിയും സമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം മേരിയും കുഞ്ഞും വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ശവരിമുത്തുവിനെ കാണാന്‍ വീട്ടില്‍ അതിഥികളുടെ തിരക്കായിരുന്നു. അത്ഭുതശിശുവെന്നായിരുന്നു പലരും ശവരിമുത്തുവിനെ വിശേഷിപ്പിച്ചത്. 

ദീര്‍ഘനാള്‍ പട്ടാളത്തില്‍ സേവനം ചെയ്ത ശവരിമുത്തു സര്‍ക്കാര്‍ പ്രസിലെ ജീവനക്കാരനായാണ് വിരമിച്ചത്. സിസേറിയന്‍ കേരളത്തിലെത്തിയതിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷം ശേഷിക്കെയാണ് ശവരിമുത്തുവിന്റെ വിടവാങ്ങല്‍. ഭാര്യ: കെ.റോസമ്മ, മക്കള്‍: എസ് അലക്‌സാണ്ടര്‍, എസ്.ലീല, എസ്.ഫിലോമിന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com