'കോടതി മകനിട്ടത് മതമുള്ള പേര്, അംഗീകരിക്കാനാവില്ല'; കേരള ഹൈക്കോടതിയുടെ പേരിടലിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി അച്ഛന്‍

'എല്ലാവരും അംഗീകരിച്ച ഒരു പേര് കുട്ടിക്ക് നിലവിലുണ്ട്. കുട്ടിയുടെ പേര് മാറ്റുകയാണ് കോടതി ചെയ്തത്'
'കോടതി മകനിട്ടത് മതമുള്ള പേര്, അംഗീകരിക്കാനാവില്ല'; കേരള ഹൈക്കോടതിയുടെ പേരിടലിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി അച്ഛന്‍

കൊച്ചി; കേരള ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പേരിടല്‍ ചടങ്ങ് വലിയ വാര്‍ത്തയായിരുന്നു. കുട്ടിക്ക് പേരിടുന്ന കാര്യത്തില്‍ അച്ഛനും അമ്മയും രണ്ട് തട്ടില്‍ നിലയുറപ്പിച്ചതോടെയാണ് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നത്. കോടതിയുടെ നിര്‍ദേശം അംഗീകരിച്ച മാതാപിതാക്കള്‍ ജൊഹാന്‍ സച്ചിന്‍ എന്ന പേര് കുഞ്ഞിനിട്ടു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കോടതി തീരുമാനത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് കുട്ടിയുടെ അച്ഛന്‍. കോടതി നിര്‍ദേശിച്ച പേരിനെ ചോദ്യം ചെയ്തുകൊണ്ട് അപ്പീല്‍ നല്‍കുമെന്നാണ് അച്ഛന്‍ പറയുന്നത്. 

കുട്ടിയുടെ അച്ഛനും അമ്മയും രണ്ട് മതത്തില്‍ പെടുന്നവരാണ്. ഹിന്ദുവായ അച്ഛന്‍ പറയുന്നത് കുഞ്ഞിന് അഭിനവ് സച്ചിന്‍ എന്ന് പേരിടണമെന്നാണ്. എന്നാല്‍ ജൊഹാന്‍ മണി സച്ചിന്‍ എന്ന പേരിടാനാണ് ക്രിസ്റ്റ്യാനിയായ അമ്മയുടെ ആഗ്രഹം. ഇരുവരും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കുട്ടിയ്ക്ക് ജൊഹാന്‍ സച്ചിന്‍ എന്ന് പേരിട്ടത്. 

എന്നാല്‍ കോടതിയുടെ തീരുമാനത്തില്‍ അച്ഛന്‍ അസന്തുഷ്ടനാണെന്നാണ് അഭിഭാഷകനായ മഞ്ചേരിസുന്ദര്‍രാജ് പറയുന്നത്. എല്ലാവരും അംഗീകരിച്ച ഒരു പേര് കുട്ടിക്ക് നിലവിലുണ്ട്. കുട്ടിയുടെ പേര് മാറ്റുകയാണ് കോടതി ചെയ്തത്. കുട്ടിയുടെ പേരിടല്‍ ചടങ്ങ് നേരത്തെ നടത്തിയതാണ്. അച്ഛന്‍ ഹിന്ദുവായതിനാല്‍ കുട്ടിയും ഹിന്ദുവാണ് എന്നും അതിനാലാണ് അപ്പീല്‍ നല്‍കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

കോടതി നിര്‍ദേശിച്ച പേരില്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കാനും ഹോക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടിയുടെ പേരിടല്‍ നേരത്തെ നടന്നതിനാല്‍ ജനനസര്‍ട്ടിഫിക്കറ്റില്‍ മാത്രം പുതിയ പേരു നല്‍കുന്നത് തെറ്റാണെന്നാണ് അച്ഛന്‍ പറയുന്നത്. കൂടാതെ പുതിയ പേര് നല്‍കിയതിലൂടെ കോടതി കുട്ടിയുടെ വ്യക്തിത്വത്തെ ഹനിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്. ബാലാവകാശത്തിന്റേയും മനുഷ്യാവകാശത്തിന്റേയും അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വ്യക്തിത്വമുണ്ട്. പേരാണ് ഒരാളുടെ വ്യക്തിത്വം തീരുമാനിക്കുന്നത്. നേരത്തെ പേരിട്ടതിനാല്‍ കുട്ടിയുടെ വ്യക്തിത്വത്തെ ലംഘിക്കുന്നതാവും തീരുമാനം. ഒരാളുടെ പേരില്‍ അവരുടെ മതവും അടങ്ങിയിരിക്കുന്നതിനാല്‍ ജൊഹാന്‍ എന്ന പേര് മതവും അടിച്ചേല്‍പ്പിക്കുന്നതായിരിക്കും. അതിനാല്‍ ഇത് അംഗീകരിക്കരുതെന്നാണ് അച്ഛന്റെ ആവശ്യം.

അച്ഛന്‍ നിര്‍ദേശിച്ചിരിക്കുന്ന അഭിനവ് എന്ന പേര് മതേതര നാമമാണെന്നാണ് അച്ഛന്‍ പറയുന്നത്. ആദ്യത്തെ കുട്ടിയുടെ പേരും സാധാരണ പേരായിരുന്നെന്നും പേരില്‍ ജാതിയോ മതമോ പ്രതിഫലിക്കരുതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com