ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎമ്മിലേക്കെത്തിയപ്പോള്‍ കോടിയേരി നേരിട്ട് ഇടപെട്ടു, തുടര്‍ന്ന് സസ്‌പെന്‍ഷനും വധശ്രമവും, സാക്ഷികളുടെ ദൂരൂഹമരണവും സംശയാസ്പദം ; വെളിപ്പെടുത്തലുമായി മുന്‍ ഡിവൈഎസ്പി

അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി അന്വേഷണം അവസാനിപ്പിച്ചോളാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു
ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎമ്മിലേക്കെത്തിയപ്പോള്‍ കോടിയേരി നേരിട്ട് ഇടപെട്ടു, തുടര്‍ന്ന് സസ്‌പെന്‍ഷനും വധശ്രമവും, സാക്ഷികളുടെ ദൂരൂഹമരണവും സംശയാസ്പദം ; വെളിപ്പെടുത്തലുമായി മുന്‍ ഡിവൈഎസ്പി


കണ്ണൂര്‍ : ഫസല്‍ വധക്കേസില്‍ അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് കേസില്‍ ഇടപെട്ടതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. കേസ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി അന്വേഷണം അവസാനിപ്പിച്ചോളാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസിനോടാണ് രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍. കേസില്‍ രണ്ട് സാക്ഷികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. 

കേസില്‍ ചിലരെ ചോദ്യം ചെയ്തതില്‍ നിന്ന് സിപിഎം നേതാക്കളുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവരിലേക്ക് നീട്ടാന്‍ തീരുമാനിച്ചിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങള്‍ അന്നത്തെ കണ്ണൂര്‍ എസ്പി മാത്യു പോളികാര്‍പ്പിനെയും അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ പത്താം ദിവസം മന്ത്രി കോടിയേരി തന്നെ നേരിട്ടെത്തി അന്വേഷണം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ചുമതലയില്‍ നിന്ന് തന്നെ മാറ്റുകയും, കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. 

ഫസല്‍ വധക്കേസില്‍ പഞ്ചാര ഷിനില്‍, അഡ്വ. വല്‍സരാജക്കുറുപ്പ് എന്നിവര്‍ തനിക്ക് ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പല കാര്യങ്ങളും ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അന്വേഷണം വിപുലപ്പെടുത്തിയതിനിടെയാണ് കോടിയേരിയുടെ ഇടപെടല്‍. ക്രൈംറിക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി ആയിരിക്കുമ്പോഴായിരുന്നു തന്നെ ഫസല്‍ കേസ് അന്വേഷണത്തിന് നിയോഗിക്കുന്നത്. പിന്നീട് കേസില്‍ സാക്ഷിയായിരുന്ന പഞ്ചാര ഷിനിലും വല്‍സരാജക്കുറുപ്പും ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മണല്‍ മാഫിയയാണ് കൊന്നതെന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് മണല്‍മാഫിയയുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു എന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. 

ഇതിനിടെ തന്നെ കള്ളക്കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ജോലിയില്‍ കയറിയ തന്നെ എക്‌സൈസിലേക്ക് മാറ്റി. അവിടെ വെച്ചും തനിക്കെതിരെ കള്ളക്കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്തു. അതിനിടെ തനിക്കെതിരെ വധശ്രമവുമുണ്ടായതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖത്ത് സാരമായി പരിക്കേല്‍പ്പിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ താന്‍ ഒന്നര വര്‍ഷത്തോളം ചികില്‍സയില്‍ കഴിഞ്ഞു.

പത്തോളം ഉദ്യോഗസ്ഥരാണ് അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇവരെ വീട്ടില്‍ കയറി ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ആക്രമണം ഭയന്നാണ് അവര്‍ കഴിയുന്നത്. ഇതിനിടെ തനിക്ക് ഐപിഎസ് ലഭിച്ചു. എന്നാല്‍ ഒന്നര വര്‍ഷമായി നിയമനമോ, ശമ്പളമോ നല്‍കാതെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിയമപോരാട്ടം നടക്കുകയാണെന്നും മുന്‍ ഡിവൈഎസ്പി പറയുന്നു.

2006 ലാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെടുന്നത്. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിലാണ് കേസില്‍ കണ്ണൂരിലെ സിപിഎം നേതാവ് കാരായി രാജന്‍ അടക്കമുള്ള പ്രതികള്‍ അറസ്റ്റിലാകുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com