മാണിയേയും പാര്‍ട്ടിയേയും ഇല്ലാതാക്കാന്‍ ശ്രമിച്ചവരൊടൊപ്പം കൂട്ടുകൂടണമോ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം.
മാണിയേയും പാര്‍ട്ടിയേയും ഇല്ലാതാക്കാന്‍ ശ്രമിച്ചവരൊടൊപ്പം കൂട്ടുകൂടണമോ; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് 

കോട്ടയം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം. കെ എം മാണിയേയും പാര്‍ട്ടിയേയും ഇല്ലാതാക്കാന്‍ ശ്രമിച്ചവരുമായി വീണ്ടും കൂട്ടുകൂടണമോ എന്ന് നേതൃത്വം ചിന്തിക്കണമെന്ന് ആലപ്പുഴയില്‍ നിന്നുളള പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറത്ത് കേരള കോണ്‍ഗ്രസിന്റെ സഹകരണം വേണ്ടെന്ന് പറഞ്ഞ ഡിസിസി പ്രസിഡന്റിന്റെ നിലപാടും ഓര്‍ക്കണം. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനും ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം രണ്ടുദിവസത്തിനകം രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ധാരണയായി. വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഭിന്നത ഉടലെടുത്ത പശ്ചാത്തലത്തില്‍ രാഷ്ട്രീയ നിലപാട് കൈക്കൊളളാന്‍ സമിതിയെ നിയോഗിച്ചു. കെ എം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട സമിതി രണ്ടുദിവസത്തിനകം രാഷ്ട്രീയ നിലപാട് തീരുമാനിക്കുമെന്ന് കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുകള്‍ മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാന്‍ അനുയോജ്യമായ സമയമല്ല. അത്തരം തീരുമാനം പൊതുതെരഞ്ഞെടുപ്പിലേ എടുക്കൂ. യുഡിഎഫിനോടും എല്‍ഡിഎഫിനോടും തുല്യദൂരം പാലിച്ചു സ്വതന്ത്രമായാണ് കേരള കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ എം മാണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഇടതുപക്ഷ അനുകൂല നിലപാടിനോടാണ് കെഎം മാണിയ്ക്കും ജോസ് കെ മാണിയ്ക്കും താല്‍പ്പര്യം. എന്നാല്‍ പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടതുമുന്നണി സഹകരണത്തെ എതിര്‍ക്കുകയാണ്. രാഷ്ട്രീയ നീക്കുപോക്ക് സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തല്‍ക്കാലം മനസാക്ഷി വോട്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com