ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല ; പൊലീസ് കൂടുതല്‍ കുരുക്കിലേക്ക്‌

മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പ്രതികളെ ഹാജരാക്കിയിട്ടില്ല. മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്
ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല ; പൊലീസ് കൂടുതല്‍ കുരുക്കിലേക്ക്‌

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെ കുറ്റപ്പെടുത്തി ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട്. പറവൂര്‍ മജിസ്‌ട്രേറ്റിനെതിരായ പൊലീസിന്റെ പരാതി അടിസ്ഥാന രഹിതമാണ്. പ്രതിയെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ കൂട്ടാക്കിയില്ലെന്ന പരാതി തെറ്റാണ്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പ്രതികളെ ഹാജരാക്കിയിട്ടില്ല. മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തന്റെ മുന്നില്‍ പ്രതികളെ ഹാജരാക്കിയിട്ടില്ലെന്നും, ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മജിസ്‌ട്രേറ്റ് മൊഴി നല്‍കിയിട്ടുള്ളത്. 

വരാപ്പുഴയില്‍ വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ പിടികൂടിയ ശ്രീജിത്ത് ഉള്‍പ്പെടെയുളള പ്രതികളെ ഹാജരാക്കിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ലെന്ന് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജാണ് ഹൈക്കോടതിക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് സ്മിതക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതി രജ്‌സ്ട്രാര്‍ക്കായിരുന്നു അന്വേഷണ ചുമതല. ആറാം തിയതി രാത്രി കസ്റ്റഡിയിലെടുത്ത പ്രതികളുമായി ഏഴാം തിയതി വൈകിട്ടോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. മജിസ്‌ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്നും കേസില്‍ തങ്ങളെ പ്രതി ചേര്‍ക്കാന്‍ ഈ കാലതാമസം കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയത്. 

ഇതില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിനോട് വിശദീകരണം ചോദിച്ചിരുന്നു. പ്രതിയെ പിടികൂടിയാല്‍ 24 മണിക്കൂറിനുളളില്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിയമം. ഇവ മജിസ്‌ട്രേറ്റിന്റെ നടപടി മൂലം ലംഘിക്കപ്പെട്ടോയെന്നാണ് പരിശോധിച്ചത്. പരാതി ലഭിച്ചതിന് പിന്നാലെ പറവൂര്‍ മജിസ്‌ട്രേറ്റായിരുന്ന എം സ്മിതയെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ ആറാം തീയതി വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം തീയതി ശനിയാഴ്ച കോടതി സമയം കഴിഞ്ഞ ശേഷമാണ് പ്രതികളെ പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.സ്മിതയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചത്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് ഒമ്പതാം തീയതിയാണ് ശ്രീജിത്ത് മരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com