ആളുമാറി കസ്റ്റഡിയിലെടുത്തു; വിദ്യാര്‍ത്ഥിയെ പൊലീസ് തല്ലിചതച്ചു 

ആളുമാറി കസ്റ്റഡിയിലെടുത്ത പത്തൊമ്പതുകാരനെ പൊലീസ് തല്ലിചതച്ചതായി പരാതി. ബൈക്ക് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സൂരജാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്
ആളുമാറി കസ്റ്റഡിയിലെടുത്തു; വിദ്യാര്‍ത്ഥിയെ പൊലീസ് തല്ലിചതച്ചു 

തിരുവനന്തപുരം: ആളുമാറി കസ്റ്റഡിയിലെടുത്ത പത്തൊമ്പതുകാരനെ പൊലീസ് തല്ലിചതച്ചതായി പരാതി. ബൈക്ക് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സൂരജാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. രണ്ടു രാവുംപകലും പൊലീസ് കസ്റ്റഡിയില്‍ ചിലവഴിക്കേണ്ടിവന്ന സൂരജിനെ ഒടുവില്‍ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു. കാലൊടിഞ്ഞ് നടുവിന് ക്ഷതമേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്. 

ഈ മാസം അഞ്ചാം തിയതിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു സൂരജിനെയും മൂന്ന് സുഹൃത്തുക്കളെയും പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പുകൊണ്ട് തലങ്ങും വിലങ്ങും തല്ലിയെന്നും കത്രികയുടെ മൂടുകൊണ്ട് നടുവില്‍ ഇടിക്കുകയായിരുന്നെന്നും ബുട്ടിട്ടു ചവിട്ടിയെന്നും സൂരജ് പറഞ്ഞു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ സൂരജ് തുടര്‍പഠനത്തിനായി സിംഗപൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് ഈ സംഭവം. 

പോലീസിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സൂരജിനെ കസ്റ്റഡിയിലെടുത്തത് ശരിയാണെന്നും കേസില്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നെന്നും പേരൂര്‍ക്കട എസ്‌ഐ പറഞ്ഞു. സൂരജിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പരിക്കുകള്‍ ബൈക്ക് അപകടത്തിലുണ്ടായതാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com