സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു; വിടപറഞ്ഞത് 65ാം വയസില്‍ വക്കീല്‍ കുപ്പായമണിഞ്ഞ 'വക്കീല്‍ മമ്മി'

സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും മനക്കരുത്ത് മാത്രം മതിയെന്നും ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്ത ശക്തയായ വനിതയാണ് വിടപറഞ്ഞിരിക്കുന്നത്
സെബാസ്റ്റ്യന്‍ പോളിന്റെ മാതാവ് അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു; വിടപറഞ്ഞത് 65ാം വയസില്‍ വക്കീല്‍ കുപ്പായമണിഞ്ഞ 'വക്കീല്‍ മമ്മി'

മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു. 95 വയസായിരുന്നു. പുലര്‍ച്ചെ നാലിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് നാലിന് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മൂഞ്ഞപ്പിള്ളി പരേതനായ എംഎസ് പോളിന്റെ ഭാര്യയാണ്. പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും മനക്കരുത്ത് മാത്രം മതിയെന്നും ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്ത ശക്തയായ വനിതയാണ് വിടപറഞ്ഞിരിക്കുന്നത്. മകനൊപ്പം അഡ്വക്കേറ്റായി എന്‍ റോള്‍ ചെയ്യുമ്പോള്‍ 65 വയസായിരുന്നു അന്നമ്മയുടെ പ്രായം. കേരളത്തിലെ പ്രായംകൂടിയ ആദ്യത്തെ വനിതവക്കീലാണ് അന്നമ്മ. 

മക്കള്‍ക്കൊപ്പം വിദ്യാഭ്യാസം നേടി വക്കീലാവാനുള്ള തന്റെ ആഗ്രഹം സഫലമാക്കിയത് അന്നമ്മ പോളിനെ വലിയ വാര്‍ത്ത താരമാക്കിയിരുന്നു. 1989 ന് ഏറ്റവും ഇളയ മകനായ സുബലിന്റെ കൂടെയാണ് അന്നമ്മ അഭിഭാഷകയുടെ കറുത്ത ഗൗണ്‍ അണിയുന്നത്. വക്കീലായിരുന്ന പിതാവിനെപ്പോലെ ഒരു വക്കീലാകണമെന്ന് ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ അന്നമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വക്കീല്‍ മമ്മിക്ക് കാത്തിരിക്കേണ്ടിവന്നു. 

22 ാം വയസ്സില്‍ എം.എസ് പോളിനെ വിവാഹം കഴിക്കുമ്പോള്‍ എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. എട്ട് മക്കള്‍ക്ക് ജന്മം നല്‍കി അവരെ നല്ലനിലയില്‍ എത്തിച്ചതിന് ശേഷമാണ് വക്കീല്‍ ആവാനുള്ള സ്വപ്‌നങ്ങളെക്കുറിച്ച് ഭര്‍ത്താവിനോടും മക്കളോടും പറയുന്നത്. അവരുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ അമ്പത്തിനാലാമത്തെ വയസ്സില്‍ ഡിസ്റ്റന്റായി പ്രീഡിഗ്രി പഠിച്ചു. പിന്നീട് ഇളയമകള്‍ ഗ്ലോറിയോടൊപ്പം ബിഎ പൊളിറ്റിക്കല്‍ സയന്‍സ് എടുത്ത് മഹാരാജാസില്‍ ചേര്‍ന്നു. പ്രീഡിഗ്രിക്കും ബിഎക്കും ഫസ്റ്റ് ക്ലാസിനാണ് പാസായത്. പിന്നീടുള്ള പഠനം മറ്റൊരു മകളായ എലക്റ്റയ്‌ക്കൊപ്പമായിരുന്നു. എലക്റ്റയ്‌ക്കൊപ്പം പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 

എംഎക്ക് ഫസ്റ്റ് ക്ലാസില്‍ പാസായി 1986 ല്‍ ഇളയ മകന്‍ സുബലിനൊപ്പം എറണാകുളം ലോ കോളെജില്‍ വക്കീല്‍ പഠനം ആരംഭിച്ചു. കൊളേജ് പഠനം നടത്തിയ അറുപതുകളിലും കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അന്നമ്മ. 1989 ലാണ് വക്കീലായി സന്നത്തെടുക്കുന്നത്. പീന്നീട് മൂന്ന് വര്‍ഷക്കാലം ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്തു. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ മൂലം തുടര്‍ന്ന് പ്രാക്റ്റീസ് നടത്താന്‍ വക്കീല്‍ മമ്മിക്ക് സാധിച്ചില്ല. എട്ടു മക്കളില്‍ നാലുപേരും അഭിഭാഷകരാണ്. 

പരേതയായ മേരി ജോര്‍ജ് കാട്ടിത്തറ, എലക്ട പോള്‍ തോട്ടത്തില്‍, തോമസ് പോള്‍, ആര്‍ട്ടിസ്റ്റ് ജോ പോള്‍, സബീന പോള്‍, ഗ്‌ളോറിയ ബാബു പയ്യപ്പിള്ളി, അഡ്വ. സുബല്‍ ജെ പോള്‍ എന്നിവരാണ് മറ്റു മക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com