സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ മിതത്വം പാലിക്കുന്നില്ലെന്ന് പിണറായി

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്നതില്‍ തര്‍ക്കമില്ല. ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്
സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ മിതത്വം പാലിക്കുന്നില്ലെന്ന് പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ മിതത്വം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാര്‍ പെരുമാറ്റച്ചട്ടം നല്ല രീതിയില്‍ ശീലിക്കാന്‍ തയാറാവണം. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്നതില്‍ തര്‍ക്കമില്ല. ജീവനക്കാരും സംഘടനകളും അതിരുകടന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നവമാധ്യമരംഗത്ത് കാണിക്കേണ്ട മിതത്വം പലപ്പോഴും പല ജീവനക്കാരും കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ജീവനക്കാര്‍ തയാറാവണമെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വീസ് സംഘടനാപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. 

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിയമനങ്ങളില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രമേ സംവരണം ബാധകമാകൂ. ജീവനക്കാരുടെ ബൈട്രാന്‍സ്ഫര്‍, പ്രമോഷന്‍ നിയമനത്തില്‍ സംവരണം ബാധകമല്ല. കെ.എ.എസ് താമസംവിനാ നടപ്പിലാക്കുമെന്ന് പിണറായി പറഞ്ഞു.
സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുകയാണ്. 

സര്‍വീസ് രംഗത്തെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സര്‍വീസ് സംഘടനകള്‍ സ്വയമേവ മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. സിവില്‍ സര്‍വീസ് ശക്തിപ്പെടുത്തുക തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡപ്രകാരം മാത്രം നടത്തുക എന്നതാണ് സര്‍ക്കാര്‍ നയം. പങ്കാളിത്ത പെന്‍ഷന്‍ പ്രശ്‌നം പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ തസ്തികകളില്‍ ഉയര്‍ന്ന ശമ്പളക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനം നേടുന്നത് വകുപ്പിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ അത് പ്രോത്സാഹിപ്പിക്കില്ല. വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനവും പൂര്‍ണമായും നിരുത്സാഹപ്പെടുത്തും. ജീവനക്കാര്‍ ഓഫീസ് സമയത്ത് ഓഫീസിലുണ്ടായിരിക്കണമെന്നാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത്. അക്കാര്യം ഉറപ്പ് വരുത്താന്‍ ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണം. 

ഒക്ടോബറോടുകൂടി ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കും. ജീവനക്കാരുടെ ഇടയില്‍ ആവശ്യമായ ബോധവത്ക്കരണം ഉണ്ടാവണം. പുതിയതായി സര്‍വീസിലെത്തുന്ന ജീവനക്കാര്‍ക്ക് നിശ്ചിത കാലം പരിശീലനം നല്‍കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്ന് പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com