കണക്കു പരീക്ഷയ്ക്കു ചോദ്യപ്പേപ്പര്‍ മാറിനല്‍കിയെന്ന ഹര്‍ജി പിന്‍വലിച്ചു

കണക്കു പരീക്ഷയ്ക്കു ചോദ്യപ്പേപ്പര്‍ മാറിനല്‍കിയെന്ന ഹര്‍ജി പിന്‍വലിച്ചു
കണക്കു പരീക്ഷയ്ക്കു ചോദ്യപ്പേപ്പര്‍ മാറിനല്‍കിയെന്ന ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്നാരോപിച്ച് കോട്ടയം സ്വദേശിയായ വിദ്യാര്‍ഥിനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ചോദ്യപ്പേപ്പര്‍ മാറിയെന്നും അതിനാല്‍ പകരം പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നുമാണ് അമിയ സലിം എന്ന വിദ്യാര്‍ഥിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ പഠനത്തെ ബാധിക്കുമെന്നതിനാലാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് അമിയയുടെ അഭിഭാഷകന്‍ പറഞ്ഞു. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അമീയ സലീം. 

അമിയയുടെ പരാതി വാസ്തവ വിരുദ്ധമെന്ന നിലപാടാണ് സിബിഎസ്ഇ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. 2016ല്‍ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയ പരീക്ഷയെഴുതാന്‍ ഉപയോഗിച്ചതെന്നും സിബിഎസ്ഇ വിശദീകരിക്കുന്നു. 

അസിസ്റ്റന്റ് സെക്രട്ടറി വികാസ് കുമാര്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി തെറ്റെന്ന് തെളിഞ്ഞതെന്ന് സിബിഎസ്ഇ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കണക്കില്‍ മോശമായ വിദ്യാര്‍ഥിനി അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ കെട്ടിച്ചമച്ച കഥ പ്രചരിപ്പിക്കുകയാണ്. അധികൃതര്‍ക്ക് മുമ്പില്‍ അമീയ സലീം തെറ്റായ പരാതിയാണ് നല്‍കിയതെന്നും സിബിഎസ്ഇ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. 

പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ഥിനി പരാതിയുമായി രംഗത്ത് വന്നില്ല. പരീക്ഷ കഴിഞ്ഞ് 2.50 ഓടേയാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി വിദ്യാര്‍ത്ഥിനി തങ്ങളെ ഇക്കാര്യം അറിയിച്ചത്. പരീക്ഷ കഴിഞ്ഞപ്പോഴാണ് ഇത് 2016ലെ ചോദ്യപേപ്പറാണെന്ന് തിരിച്ചറിഞ്ഞതെന്ന് അമീയ സലീം വെളിപ്പെടുത്തിയതായി സിബിഎസ്ഇ പറയുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. എങ്ങനെയാണ് ചോദ്യപേപ്പര്‍ 2016ലെതാണെന്ന് പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞെന്ന സംശയമാണ് സിബിഎസ്ഇ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com